മനാമ: അടിമത്തം കഴുകനെപ്പോലെ വട്ടമിട്ട് പറക്കുമ്പോൾ ഭയക്കാതെ, കാലുപിടിച്ച് മാപ്പപേക്ഷിക്കാൻ പോകാതെ ഈ നാട്ടിലെ സർവരെയും അണിനിരത്തി പറങ്കികളുടെ പീരങ്കിപ്പടയോട് സ്വന്തം ജീവന്റെ അവസാന തുടിപ്പും നിലനിൽക്കുംവരെ പോരാടിയ കുഞ്ഞാലിമരക്കാരുടെ ചരിത്രം അരങ്ങിലെത്തുന്നു.
ആ ധീര ദേശാഭിമാനിയുടെ ചെറുത്തുനിൽപിന്റെ പടയോട്ട ഗാഥ ശനിയാഴ്ച രാത്രി എട്ടിന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് അരങ്ങേറുക. നാടകം എന്ന കലാരൂപം അന്യംനിന്നുപോകുന്നുവെന്ന് പറയുമ്പോഴും, ബഹ്റൈൻ കേരളീയ സമാജത്തിൽ നാടകങ്ങളുടെ വസന്തകാലമാണ്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും എക്സിക്യൂട്ടിവ് കമ്മിറ്റിയും സമാജം സ്കൂൾ ഓഫ് ഡ്രാമയും അതിന്റെ അമരക്കാരായ കൃഷ്ണകുമാറും ബോണിജോസും ചേർന്ന് നടത്തുന്ന പരിശ്രമങ്ങളാണ് പ്രതിമാസ അവതരണങ്ങളിലൂടെ നാടകത്തെ ശോഭയോടെ നിലനിർത്തുന്നത്.
തിക്കോടിയന്റെ രചനയിൽ കേരളത്തിലും വിദേശരാജ്യങ്ങളിലും ആയി നിരവധി അരങ്ങുകളിൽ അവതരിപ്പിച്ചിട്ടുള്ളതാണ് ‘കുഞ്ഞാലി മരക്കാർ’. രമേശ് ബേബി കുട്ടൻ സംവിധാനം ചെയ്ത നാടകത്തിൽ ഫിലിപ്പ് ജേക്കബ്, പ്രശോഭ് വെങ്ങാനൂർ, മുജീബ് റഹ്മാൻ, ജിത്തു ഷൈജു, ദുർഗ കാശിനാഥൻ, സനോജ് പി. ജാഫർ, രതീഷ് കൃഷ്ണൻ, പ്രജീഷ് റാം, സൗമ്യ, രേഖ പത്മകൃഷ്ണൻ, ധനേഷ് കൈരളം, പ്രദീപ് മാധവൻ, ഡോ. രാഹുൽ ഗോപൻ, ടിന്റുമോൻ റാന്നി, നിതിൻ ബാബു.
ബഷീർ ഉള്ള്യേരി, സത്യൻ കല്ലേരി തുടങ്ങിയവർ വേഷമിടുന്നു. പ്രശോഭ് വെങ്ങാനൂർ, പ്രേംജി എന്നിവർ സഹസംവിധായകരാണ്. നാടകത്തിന്റെ വെളിച്ച വിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ പയ്യന്നൂരും സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠിച്ചിറങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും വെളിച്ച വിധാനം നിയന്ത്രിക്കുകയും ചെയ്ത വിഷ്ണു നാടക ഗ്രാമവുമാണ്.
മേക്കപ് സജീവൻ കണ്ണപുരം. സംഗീത നിയന്ത്രണം അനുഷ്മ പ്രശോഭ്, അനിരുദ്ധ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സെറ്റ് ഷിബു ശിവശങ്കരൻ, സുധിൻ സുധീകുമാർ, ഹരി കിടങ്ങൂർ. ബി.എഫ്.എക്സ്: ജേക്കബ്. ക്രിയേറ്റിവ്സ് വിനു രഞ്ജു, ബിറ്റോ എന്നിവരും നിർവഹിച്ചിരിക്കുന്നു.
നാടക ഏകോപനം: അശോകൻ അദ്വൈതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.