സാമ്പത്തിക വളർച്ച 3.2 ശതമാനമായി ഉയരുമെന്ന് വിലയിരുത്തൽ

മനാമ: ഈ വർഷം ബഹ്റൈന്റെ സാമ്പത്തിക വളർച്ച 3.2 ശതമാനമായി ഉയരുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സിന്റെ വിലയിരുത്തൽ. എണ്ണ വിലയിലെ വർധനയും മേഖലയിലെ സാമ്പത്തിക രംഗത്തെ ഉണർവുമാണ് വളർച്ചക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.

ആഭ്യന്തര തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം, റോഡുകൾ, വിമാനത്താവളങ്ങൾ, വൈദ്യുതി തുടങ്ങിയ എണ്ണ ഇതര മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതിയും സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകർന്നിട്ടുണ്ട്. എണ്ണ ഇതര മേഖലയുടെ വളർച്ചക്കായി 30 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

അഞ്ച് ഓഫ്ഷോർ നഗരങ്ങളുടെ നിർമാണം, ബഹ്റൈൻ മെട്രോ, സർക്കാർ ഉടമസ്ഥതയിലുള്ള ബാപ്കോയുടെ എണ്ണ ശുദ്ധീകരണ ശേഷി വർധിപ്പിക്കൽ എന്നിവയും സാമ്പത്തിക ഉത്തേജനപദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ, ജി.സി.സി ഡെവലപ്മെന്‍റ് ഫണ്ടിന്റെ 7.5 ബില്യൺ ഡോളർ സഹായത്തോടെ അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുന്നുണ്ട്.

എണ്ണ വില ഉയർന്നതും ജനുവരി ഒന്നുമുതൽ വാറ്റ് 10 ശതമാനമാക്കി ഉയർത്തിയതും കടബാധ്യത കുറക്കാൻ സർക്കാറിനെ സഹായിച്ചിട്ടുണ്ട്. ബജറ്റിൽ ഏറക്കുറെ സന്തുലിതത്വം കൈവരിക്കാനും പുതിയ സാഹചര്യങ്ങൾ ഇടയാക്കും. 2021ൽ രാജ്യത്തിന്റെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6.8 ശതമാനമായി കുറഞ്ഞതായി റേറ്റിങ് ഏജൻസി വിലയിരുത്തുന്നു.

2020ൽ ഇത് 12.8 ശതമാനമായിരുന്നു. ഈ വർഷം ആദ്യ പാദത്തിലെ സൂചനകളനുസരിച്ച് വരവും ചെലവും തമ്മിൽ സന്തുലിതത്വം കൈവരിക്കാൻ ഏറക്കുറെ സാധിച്ചിട്ടുണ്ട്.

വാറ്റ് വർധനയിലൂടെ ജി.ഡി.പിയുടെ 3.3 ശതമാനം ലഭിക്കുമെന്നാണ് എസ് & പി കണക്കാക്കുന്നത്. 2021ൽ ഇത് 1.6 ശതമാനമായിരുന്നു. 

Tags:    
News Summary - Economic growth is expected to pick up to 3.2 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.