മൈലാഞ്ചി രാവ്.. ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി മൈലാഞ്ചിയിടുന്നവർ. സൽമാനിയയിൽനിന്ന് -സത്യൻ പേരാമ്പ്ര

ആഘോഷം, ആമോദം; പെരുന്നാൾ നിറവിൽ രാജ്യം

മനാമ: ത്യാഗത്തിന്റെയും വിശുദ്ധിയുടെയും സന്ദേശവുമായി ചെറിയ പെരുന്നാളെത്തെുമ്പോൾ റമദാൻ മാസത്തിലെ വ്രതാനുഷ്ടാനം വഴി കൈവരിച്ച ആത്മീയ ചൈതന്യവുമായി വരവേൽക്കാനൊരുങ്ങുകയാണ് വിശ്വാസികൾ. രാജ്യമെമ്പാടും പെരുന്നാളിനെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തുടനീളമായി 15 മൈതാനങ്ങൾ ഈദ്ഗാഹുകൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 5.28 നാണ് ഈദ് നമസ്കാരം. ഇതുകൂടാതെ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരം നടക്കും. വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണ് പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് പല സ്ഥാപനങ്ങളും നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കമ്പോളങ്ങളിലും ഷോപ്പുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു.

ഇഫ്താറുകളും ഗബ്ഗകളുമായി റമദാൻ വൈകുന്നേരങ്ങൾ സമ്പന്നമാക്കി, പെരുന്നാളിനെ കാത്തിരിക്കുകയായിരുന്നു ജനം. ഇഫ്താറുകൾ സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ മൽസരിക്കുകയായിരുന്നു എന്ന് പറയാം. കോവിഡ് കാലത്ത് നടത്താൻ പറ്റാതിരുന്ന ഇഫ്താറുകളും കൂടിച്ചേരലുകളും രോഗഭീതി ഒഴിഞ്ഞ കാലത്ത് വർധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തവണ മുമ്പെങ്ങുമില്ലാത്തതരത്തിൽ കൂട്ടായ്മകളും ഒരുമിക്കലുകളും ശക്തമായതായും ഇത് സന്തോഷം നൽകുന്നതാണെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മലയാളി സംഘടനകളുടെ എല്ലാം ആഭിമുഖ്യത്തിൽ നിരവധി ഇഫ്താറുകൾ നടന്നു. സർക്കാർ, സ്വകാര്യ കമ്പനികളും ജീവനക്കാർക്കായി ഇഫ്താറുകൾ സംഘടിപ്പിച്ചു. ലേബർ ക്യാമ്പുകളിലും വിവിധ സംഘടനകൾ ഇഫ്താറുകൾ നടത്തി. വലിയ ജനപങ്കാളിത്തത്തോടെ ഗ്രാൻഡ് ഇഫ്താറുകളും വ്യാപകമായി നടന്നു. ജാതി, മത, ദേശ, ഭാഷ ഭേദമില്ലാതെ ജനങ്ങൾ ഈ ഇഫ്താറുകളിൽ ഏകോദരസഹോദരങ്ങളെപ്പോലെ പ​ങ്കെടുക്കുകയും ചെയ്തു. തൊഴിലാളികൾക്ക് വിവിധ സംഘടനകൾ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രികളും സ്ഥാപനങ്ങളുമുൾപ്പടെ വലിയൊരു വിഭാഗം കാരുണ്യപ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു.

മലയാളി സമൂഹം സംഘടിപ്പിച്ച പല ഇഫ്താറുകളിലും അംബാസഡർമാരടക്കമുള്ള ഔദ്യോഗിക പ്രതിനിധികൾ പ​ങ്കെടുത്തത് വേറിട്ട കാഴ്ചയായിരുന്നു. ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവക്കുപുറമെ ഫിലിപ്പീൻസ്, അമേരിക്ക, തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലെ അംബാസഡർമാരും ഇഫ്താറുകളിൽ പ​​ങ്കെടുക്കാനെത്തിയിരുന്നു.

Tags:    
News Summary - eid in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.