മനാമ: പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. 2060ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. വൈദ്യുതി വാഹനം സംബന്ധിച്ച നയം വികസിപ്പിക്കുന്നതിനും അവയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് ഡെലോയിറ്റ് ആൻഡ് ടച്ച് കമ്പനിയുമായി വൈദ്യുതി, ജലകാര്യ മന്ത്രാലയം കരാർ ഒപ്പിട്ടു.
ഫോസിൽ ഇന്ധനത്തെ പൂർണമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തോട് രാജ്യം കൈകോർക്കുന്നതിന്റെ ഭാഗമായാണ്. പരിസ്ഥിതി സംഘടനകളുടെ കണക്കനുസരിച്ച്, ഒരു സാധാരണ യാത്ര വാഹനം പ്രതിവർഷം 4.6 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് വായുമലിനീകരണത്തിനും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നയം രാജ്യങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ജി.സി.സി രാജ്യങ്ങളും ഈ നിലപാട് എടുത്തതോടെ ഇലക്ട്രിക് വെഹിക്ൾ (ഇ.വി) യൂനിറ്റുകളുടെ ജനപ്രീതിയിൽ വലിയ കുതിച്ചുചാട്ടമാണ് സമീപകാലത്തുണ്ടായത്.
2021ൽ ഏകദേശം 105 ബില്യൺ ഡോളറായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ വിപണി പങ്കാളിത്തം. 2028ഓടെ ഇത് 354.80 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ വാഹനങ്ങളുടെ 30 ശതമാനവും സമീപഭാവിയിൽ തന്നെ ഇലക്ട്രിക് ആക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നീങ്ങുന്നത്. ബഹ്റൈനിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറി ആരംഭിക്കാൻ ബഹ്റൈൻ ബിസിനസ് ആൻഡ് പ്രോജക്ട് ഡെവലപ്മെന്റ് കമ്പനിയായ മാർസൺ ഗ്രൂപ് മുന്നോട്ടുവന്നിരുന്നു. മാർസൺ ഗ്രൂപ്പും പ്രമുഖ അമേരിക്കൻ മാനുഫാക്ചറിങ് കോർപറേഷനായ ‘ഗാസ് ഓട്ടോ’യും ഇതുസംബന്ധിച്ച പങ്കാളിത്തക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെക്കുകയും ചെയ്തു.
10 മാസത്തിനുള്ളിൽ അമേരിക്കൻ ട്രേഡ് സോണിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ‘ഗൗസ് ഓട്ടോ ബഹ്റൈൻ’ എന്ന പേരിൽ പുതിയ പ്ലാൻറ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇരുചക്ര വാഹനങ്ങൾ, ത്രീവീൽ ഇലക്ട്രിക് ട്രൈസൈക്കിളുകൾ, പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഫാക്ടറി നിർമിക്കും. ബഹ്റൈൻ, യു.എസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിപണനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. നിർമാണവും മാനേജ്മെന്റും മാർസൺ ഗ്രൂപ് കൈകാര്യം ചെയ്യും. ഗാസ് ഓട്ടോ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക അറിവും നൽകും. സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളും ഇലക്ട്രിക് കാർ നിർമാണ യൂനിറ്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.