മനാമ: ജനിച്ച മണ്ണിൽ അടക്കം ചെയ്യപ്പെടുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുക എന്നത് കുടുംബാംഗങ്ങളുടെ അവകാശവുമാണ്. എന്നാൽ, മരണമടയുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്ത് സ്ഥിരം കാഴ്ചയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് പലർക്കും അത്ര ധാരണയില്ല എന്നതാണ് യാഥാർത്ഥ്യം.
മരിക്കുന്നത് വർക്ക് വിസയിലുള്ളയാളാണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കേണ്ട ചുമതല പൂർണ്ണമായും തൊഴിലുടമയുടേതാണ്. തൊഴിലുടമ അതിനുതയാറായില്ലെങ്കിലോ, മരിച്ചത് വിസ കാലാവധി കഴിഞ്ഞയാളാണെങ്കിലോ എംബസ്സി ആ ചുമതല നിർവഹിക്കും. നിയമപരമായ രേഖകൾ ഇല്ലാത്തയാളുകളുടെ മൃതദേഹമാണെങ്കിലും എംബസിക്കാണ് ഉത്തരവാദിത്തം.
അതിനായി ആദ്യം ചെയ്യേണ്ടത് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾ (പിതാവ്, മാതാവ്, ഭാര്യ, സഹോദരൻ) മൃതദേഹം ഏറ്റുവാങ്ങാനുള്ള ചുമതല എംബസ്സിയെ ഏൽപിച്ചുകൊണ്ടുള്ള കൺസന്റ് ലെറ്റർ നൽകുക എന്നതാണ്. ഇത് മുദ്രപത്രത്തിൽ നോട്ടറിയുടെ സഹായത്തോടെ വേണം തയാറാക്കാൻ.
ബന്ധുവിന്റെ ആധാർ കാർഡിന്റെ കോപ്പി, ആരാണോ നിയമപരമായ അവകാശി, അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയടക്കമാണ് കൺസന്റ് ലെറ്റർ നൽകേണ്ടത്. മൃതദേഹം ഏറ്റുവാങ്ങാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പ്രവാസഭൂമിയിൽതന്നെ സംസ്കരിക്കണമെന്നും കൺസന്റ് ലെറ്ററിൽ പറയാം. മൃതദേഹം ഏറ്റുവാങ്ങാനായി ആരെയാണ് ചുമതലപ്പെടുത്തേണ്ടതെന്നും ലെറ്ററിൽ നിർദ്ദേശിക്കാം. ആരുമില്ലെങ്കിൽ എംബസ്സി ആരെയെങ്കിലും ചുമതലപ്പെടുത്തണം എന്നഭ്യർഥിക്കാം. മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ടെങ്കിൽ മൃതദേഹം അത് സംബന്ധിച്ച അന്വേഷണത്തിനുശേഷം വിട്ടുകിട്ടിയാൽ മതി എന്നും കത്ത് കൊടുക്കാം.
പരേതന്റെ ശമ്പളം,ജോലി ചെയ്ത കാലം, ഇൻഡമിനിറ്റി തുക,രണ്ടുമാസത്തെ അഡ്വാൻസ് ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾ തൊഴിലുടമ എംബസിക്ക് നിർബന്ധമായും കൈമാറണമെന്നാണ് നിയമം. ആശുപത്രിയിൽനിന്ന് ലഭിക്കുന്ന ഡത്ത് നോട്ടിഫിക്കേഷനുമായി സി.പി. ആർ ഡയറക്ട്രേറ്റിൽ പോകണം. അവിടെനിന്നാണ് ഡത്ത് സർട്ടിഫിക്കറ്റ് ലഭിക്കുക. അത് ലഭിച്ചശേഷമാണ് എംബസി ഡെത്ത് സർട്ടിഫിക്കറ്റ് അനുവദിക്കുക.
തൊഴിലുടമ മേൽപറഞ്ഞ വിവരങ്ങൾ കൈമാറാതിരിക്കുകയും മൃതദേഹം നാട്ടിലേക്കയയ്ക്കാനുള്ള പണം നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ എംബസി എൽ.എം.ആർ. എയെ വിവരം അറിയിക്കും. തുടർന്ന് തൊഴിലുടമക്കെതിരായ നിയമനടപടികൾ അവരാണ് സ്വീകരിക്കേണ്ടത്.
തൊഴിലുടമ പണം നൽകാതിരിക്കുകയാണെങ്കിൽ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കേണ്ടത്. ഇതിനുള്ള തുക ഐ.സി.ഡബ്ല്യു. എഫ് ഫണ്ടിൽനിന്ന് എംബസി കണ്ടെത്തും. എംബസി ഡെത്ത് സർട്ടിഫിക്കറ്റ് അനുവദിച്ചു കഴിഞ്ഞാൽ അത് വിദേശകാര്യ മന്ത്രാലയത്തിനു നൽകി അറ്റസ്റ്റ് ചെയ്യണം. വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്രൂവൽ ലഭിച്ചാൽ പിന്നീട് സി.ഐ.ഡി വിഭാഗത്തെ അറിയിക്കണം.
ഇതിനിടയിൽ വിമാന കാർഗോ ടിക്കറ്റടക്കം എടുക്കാം. സി.ഐ.ഡി വിഭാഗത്തിന്റെ അപ്രൂവൽ ലഭിച്ചാൽ സൽമാനിയ ആശുപത്രിയിൽനിന്ന് ബോഡി പകർച്ചവ്യാധി മുക്തമാണെന്ന എംബാം സർട്ടിഫിക്കറ്റ് വാങ്ങാം. ഇതോടെ ഉത്തരവാദപ്പെട്ടയാൾക്ക് മൃതദേഹം വിട്ടുനൽകും. ഈ സർട്ടിഫിക്കറുകളെല്ലാം സഹിതമാണ് കാർഗോ ബുക്ക് ചെയ്യേണ്ടത്. സാധാരണ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം നടക്കുന്ന പ്രക്രിയയാണിതെങ്കിലും പ്രവാസികൾ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ അറിഞ്ഞിരിക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായകരമാണെന്ന് പ്രവാസി ലീഗൽ സെൽ, ഗ്ലോബൽ പി.ആർ.ഒ ആന്റ് ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.