മനാമ: ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ പ്രദർശനം ബുധനാഴ്ച മുതൽ ഇസ ടൗണിലെ അലയൻസ് ഫ്രാങ്കായിസിൽ നടക്കും. ജർമനി, സ്പെയിൻ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഫ്രാൻസ് എന്നീ ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് ‘യൂറോപ്യൻ ഫിലിം നൈറ്റ്സ്’ രണ്ടാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ബുധനാഴ്ച മുതൽ ഈ മാസം 31 വരെയാണ് ചലച്ചിത്രമേള. യൂറോപ്യൻ യൂനിയൻ ഡലിഗേഷൻ, ഫ്രഞ്ച് എംബസി, ജർമൻ എംബസി, ഇറ്റാലിയൻ എംബസി, അലയൻസ് ഫ്രാങ്കായിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. 17ന് ജർമൻ ചിത്രമായ ‘ദി ഓഡിഷൻ’ അരങ്ങേറും. സാൻ സെബാസ്റ്റ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഷെൽ, സ്റ്റോക്ക്ഹോം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടി എന്നീ പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്. 21ന് സ്പാനിഷ് ചിത്രം ‘സ്കൂൾ ഗേൾസ്’ പ്രദർശിപ്പിക്കും.
മലാഗ സ്പാനിഷ് ഫിലിം ഫെസ്റ്റിവൽ, ഗോയ അവാർഡുകൾ, ഗൗഡി അവാർഡുകൾ, ഫിറോസ് അവാർഡുകൾ, സിനിമാ റൈറ്റേഴ്സ് സർക്കിൾ അവാർഡുകൾ, ബ്രസ്സൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്.
24ന് ഇറ്റാലിയൻ സിനിമ ‘മൈ ബ്രദർ ചേസസ് ദിനോസർസ്’ പ്രദർശിപ്പിക്കും. ഇളയ സഹോദരന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന വസ്തുതയുമായി പൊരുത്തപ്പെടാനുള്ള കൗമാരക്കാരന്റെ ശ്രമമാണ് പ്രമേയം.
27ന് ചെക്ക് സിനിമ ‘ഈവൻ മൈസ് ബിലോങ് ഇൻ ഹെവൻ’ പ്രദർശിപ്പിക്കും. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ചെക്ക് ലയൺ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചിരുന്നു. 28ന് എസ്റ്റോണിയൻ ചിത്രം ‘ദി ലിറ്റിൽ കോമ്രേഡ്’ പ്രദർശിപ്പിക്കും. 31ന്, 2020ലെ ഫ്രഞ്ച് കോമഡി ‘ദി ബിഗ് ഹിറ്റ്’ പ്രദർശനത്തോടെ ഫെസ്റ്റിവൽ സമാപിക്കും. തടവുകാരെ അഭിനേതാക്കളായി ‘വെയ്റ്റിങ് ഫോർ ഗോദോ’ നാടകം അവതരിപ്പിക്കാനുള്ള നടന്റെ ശ്രമമാണ് സിനിമയുടെ പ്രമേയം. ഫെസ്റ്റിവൽ ഇന്റർനാഷനൽ ഡി ഫിലിം ഡി സെയിന്റ്-ജീൻ-ഡെലൂസ്, ഗെന്റ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഒഡെസ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ചിത്രം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: +973 13677667
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.