മനാമ: ജീവൻപോയാലും ലഗേജ് കൈവിടില്ല എന്ന മനോഭാവമാണ് മലയാളികൾക്ക് പൊതുവെയുള്ളത്. ആറുവർഷം മുമ്പ് തിരുവനന്തപുരത്തുനിന്നുള്ള വിമാനം ദുബൈയിൽ അപകടത്തിൽപെട്ടപ്പോൾ വിമാനത്തിനുള്ളിൽനിന്ന് എത്രയും വേഗം രക്ഷപ്പെടുന്നതിന് പകരം ബാഗുകൾ എടുക്കാൻ വെപ്രാളപ്പെടുന്ന യാത്രക്കാരുടെ വിഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
വിമാനയാത്രയിൽ പരമാവധി ലഗേജ് കൊണ്ടുപോവുക എന്നത് ഒരു നിർബന്ധമാണ് പലർക്കും. എയർലൈൻസ് അനുവദിച്ചിരിക്കുന്ന പരിധിയിലുള്ളതിനുപുറമെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നും പരമാവധി സാധനങ്ങൾ വാങ്ങിയാണ് മിക്കവരും യാത്ര നടത്തുന്നത്. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ യാത്രക്കാർ ഓർക്കാറില്ലെന്നതാണ് വസ്തുത.
വിമാനത്തിനുള്ളിൽ കൈവശം വെക്കാവുന്ന ഹാൻഡ് ലഗേജിന്റെ കാര്യത്തിൽ വിമാന യാത്രക്കാർ കാണിക്കുന്ന അലംഭാവം പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഏഴ് കിലോയും ഗൾഫ് എയർ ആറു കിലോയുമാണ് ഹാൻഡ് ബാഗ് അനുവദിച്ചിരിക്കുന്നത്. ബാഗുകൾക്ക് നിശ്ചിത അളവും പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് ഇഷ്ടംപോലെ സാധനങ്ങൾ വാങ്ങുകയെന്നത് ചിലർക്ക് ഒരു ഹരമാണ്. മൂന്നും നാലും കവറുകളുമായി വിമാനത്തിനകത്ത് കയറുന്നവർ ബാഗുകൾ വെക്കാൻ സ്ഥലമില്ലാതെ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. തിരക്ക് കൂടുതലുള്ള സമയങ്ങളിലാണ് ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. മൂന്നു സീറ്റുകൾക്കും കൂടിയുള്ള സ്ഥലമാണ് ലഗേജ് കാരിയറിൽ ഉണ്ടാവുക. എന്നാൽ, കൂടുതൽ ബാഗുകൾ ഉണ്ടാകുമ്പോൾ ഇവിടെ കൊള്ളാത്ത സ്ഥിതിവരും. മറ്റെവിടെയെങ്കിലും വെക്കാൻ വിമാന ജീവനക്കാർ ശ്രമിക്കുമ്പോൾ തടസ്സം നിൽക്കുന്ന യാത്രക്കാരുമുണ്ട്. ബാഗുകൾ സ്വന്തം സീറ്റിന് മുകളിൽ തന്നെ വെക്കണമെന്ന നിർബന്ധമാണ് ഇവർ പ്രകടിപ്പിക്കുക. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങുന്ന സാധനങ്ങളടങ്ങിയ കവർ തുറന്നിരിക്കുന്നതിനാൽ ലഗേജ് കാരിയറിൽ വെക്കുകയും എടുക്കുകയും ചെയ്യുമ്പോൾ പുറത്തേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.
ബാഗുകൾ അധികമായാൽ ചെക്ക് ഇൻ ലഗേജിന്റെ കൂടെ വിടണമെന്ന് ചില സമയങ്ങളിൽ വിമാന ജീവനക്കാർ ആവശ്യപ്പെടാറുണ്ട്. അപ്പോഴും ജീവനക്കാരോട് തർക്കിക്കുന്ന യാത്രക്കാരുണ്ട്. തർക്കത്തിനൊടുവിൽ ചിലരുടെ യാത്ര മുടങ്ങിയ അനുഭവങ്ങളുമുണ്ട്. യാത്രയിൽ കൂടെ കൊണ്ടുപോകുന്ന സാധനങ്ങളുടെ കാര്യത്തിൽ മിതത്വം പാലിച്ചാൽ തീരാവുന്നതാണ് ഈ പ്രശ്നങ്ങളെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. യാത്രക്കാർ സ്വന്തം താൽപര്യത്തിനൊപ്പം മറ്റുള്ളവരുടെ സൗകര്യവും നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.