പലായനത്തിന്റെ പരിണാമങ്ങൾ

മനുഷ്യന്റെ ആദിമചരിത്രത്തിൽത്തന്നെ സഞ്ചാരവും കുടിയേറ്റവും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. അന്നവും സുരക്ഷയും അന്വേഷിച്ചുപോവുകയും കിട്ടുന്നിടത്ത് തങ്ങുകയുമായിരുന്നു ആദിമ ജനവിഭാഗത്തിന്റെ ശീലമെന്ന് ഗവേഷകർ പറയുന്നു. ക്രമേണ മനുഷ്യർ താൽക്കാലികമായ താവളങ്ങൾ കണ്ടെത്തി. വീണ്ടും കാലങ്ങൾക്കുശേഷം അവർ സ്ഥിരമായ ഇടങ്ങളിലേക്ക് താമസസ്ഥലങ്ങൾ ക്രമീകരിക്കാൻ തുടങ്ങി. അപ്പോഴും കാലാവസ്ഥ പ്രശ്നം, വന്യമൃഗ ശല്യം, പരസ്പര സംഘർഷം എന്നിവ കാരണം അവരെ പലായനങ്ങൾക്ക് പ്രേരിപ്പിച്ചു. ചിലപ്പോൾ കറങ്ങിത്തിരിഞ്ഞ് അവർ പഴയ ഇടങ്ങളിലേക്കുതന്നെ എത്തി. ഓരോ യാത്രയും കുടിയേറ്റവും മനുഷ്യരിലുണ്ടാക്കിയ അനുഭവപ്പെയ്ത്തും മാനസിക ഉന്മേഷവും വലുതായിരുന്നു. ശൂന്യമായ കൈകളോടെയാണ് പല പലായനവും കഴിഞ്ഞെത്തുന്നതെങ്കിലും അവരുടെ മനസ്സുകളിൽ അതിന്റെ സവിശേഷമായ അടയാളങ്ങൾ ഉണ്ടായിരുന്നു. അതിരുകളിലാത്ത കാഴ്ചപ്പാടുകളും മനുഷ്യസ്നേഷവും ലോകത്തിന് സംഭാവന ചെയ്യുന്നതിൽ പ്രവാസവും കുടിയേറ്റവും പലായനവും വലിയ സംഭാവനകളാണ് നൽകിയത്. കുടിയേറുന്നവനെ നിറഞ്ഞ മനസ്സോടെ ചേർത്തു പിടിച്ച കാലം മാറി അതിരുകൾക്കു പുറത്താക്കാൻ നിയമങ്ങൾ നിർമിക്കപ്പെടുന്ന കാലത്താണ് നമ്മൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത്.

മധ്യകാലഘട്ടത്തിലും സജീവം

മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, നമ്പൂതിരി കുടിയേറ്റക്കാർ കേരളത്തിലെത്തുകയും ജാതി വ്യവസ്ഥയുടെ മാതൃകയിൽ സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലും നിരവധി മലയാളികൾ കുടിയേറ്റക്കാരാക്കപ്പെട്ടിട്ടുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ടിൽ മഗധയിലെ അശോക ചക്രവർത്തി എഴുതിയ ഒരു ശിലാശാസനത്തിൽ കേരളം എന്ന പദം ആദ്യമായി കേരളപുത്രൻ (ചേരകൾ) എന്ന് രേഖപ്പെടുത്തിയതായും കേരളത്തിൽനിന്നുള്ളവർ അവിടെ താമസിച്ചിരുന്നതായും രേഖകൾ പറയുന്നു. അശോകന്റെ കാലത്ത്, ദക്ഷിണേന്ത്യയിലെ നാല് സ്വതന്ത്ര രാജ്യങ്ങളിൽ ഒന്നായി കേരളം പരാമർശിക്കപ്പെട്ടതായും പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ മധ്യകേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരാചാര്യർ അദ്വൈത വേദാന്തത്തിന്റെ വ്യാപകമായ സ്വാധീനമുള്ള തത്ത്വചിന്തയുടെ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാത്രമായിരുന്നില്ല, ലോകത്തിന്റെ പലയിടങ്ങളിലേക്കും മലയാളി ചെന്നെത്തി.

അറബിക്കടലിനുകുറുകെ എല്ലാ പ്രധാന മെഡിറ്ററേനിയൻ, ചെങ്കടൽ തുറമുഖങ്ങളും അതുപോലെ കിഴക്കൻ ആഫ്രിക്കയിലെയും ഫാർ ഈസ്റ്റിലെയും തുറമുഖങ്ങളുമായും വ്യാപാര ബന്ധം സ്ഥാപിച്ച് ചേരന്മാർ കേരളത്തെ അന്താരാഷ്ട്ര വ്യാപാര കേന്ദ്രമാക്കി മാറ്റിയതായും കേരളത്തിൽനിന്നുള്ളവർ ഈ രാജ്യങ്ങളിലേക്ക് യാത്രകൾ പോവുകയും തങ്ങുകയും ചെയ്തതായും പറയുന്നു. (ഇന്നത്തെപ്പോലെ കുടിയേറ്റക്കാരെ വിലക്കുന്ന ശീലങ്ങളോ ഇരുമ്പ് മതിലുകളോ ഇല്ലാത്തതിനാൽ അന്നത്തെ യാത്രകൾക്ക് കാര്യമായ വിലക്കുണ്ടായിരുന്നില്ല).

അതുമാത്രമല്ല, കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്കും നൂറ്റാണ്ടുകൾക്കുമുമ്പേ തുടങ്ങിയതാണ്. മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്ന് പിന്നീട് സുന്നി ഇസ്‍ലാമിക നിയമപണ്ഡിതനായി മാറിയ ഇബ്ൻ ബത്തുതക്ക് കേരളത്തിൽ എത്തിയപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്.

1342 ഡിസംബർ 29ന്‌ ഇബ്ൻ ബത്തുത ഏഴിമലയും 1343 ജനുവരി ഒന്നിന്‌ പന്തലായനിയും 1343 ഡിസംബർ 31ന്‌ ധർമടവും 1344 ജനുവരി രണ്ടിന്‌ കോഴിക്കോടും 1344 ഏപ്രിൽ ഏഴിന്‌ കൊല്ലവും സന്ദർശിച്ചപ്പോൾ വിദേശീയരുടെ സാന്നിധ്യവും അദ്ദേഹം അടുത്തറിഞ്ഞു. അതിന് മറ്റൊരു അർഥം കൂടിയുണ്ട്. ഇത്തരത്തിൽ വരുന്നവരുടെ ക്ഷണം സ്വീകരിച്ച് മലയാളികളും വിദേശത്തേക്ക് പോകാനുള്ള സാധ്യത. പിന്നീട് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പ്രവാസം കൂടുതൽ വ്യാപിച്ചുകൊണ്ടിരുന്നു.

200 വർഷത്തോളം മുമ്പ് സിംഗപ്പൂർ, മലേഷ്യ, സിലോൺ എന്നിവിടങ്ങളിലേക്ക് മലയാളികളിൽ ചിലരുടെ കുടിയേറ്റമുണ്ടായി. 1950 കഴിഞ്ഞപ്പോഴാണ് ഗൾഫിലേക്കുള്ള കൂടുതൽ കുടിയേറ്റങ്ങൾ സംഭവിച്ചുതുടങ്ങിയത്.

പ്രവാസികളുടെ എണ്ണം

യു.എൻ കണക്കുപ്രകാരം ലോകത്ത് ആകെ പ്രവാസികളുടെ എണ്ണം 24 കോടിയാണ്. നിയമപ്രകാരമല്ലാത്ത കുടിയേറ്റക്കാർ 15 മുതൽ 30 ശതമാനം വരെയെങ്കിലും ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

1990 മുതൽ 1995വരെ ആഗോളതലത്തിൽ പ്രവാസികളുടെ കണക്കിൽ 60 ശതമാനം വർധനവും സംഭവിച്ചിട്ടുണ്ട്. 1998ൽ ആദ്യത്തെ കേരള മൈഗ്രേഷൻ സർവേ (കെ.എം.എസ്) നടത്തിയപ്പോൾ, ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റക്കാരുടെ എണ്ണം 1.4 ദശലക്ഷമായിരുന്നു. എന്നാൽ, 2013ൽ 21 ലക്ഷവും 2018ൽ ഗൾഫിലേക്കുള്ള മലയാളികളുടെ എണ്ണം മൂന്ന് മില്യണുമാണ്.

കുടിയേറ്റം എന്ന മൂന്നാംവഴി

ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വഴി അയാളുടെ വീട്ടിലേക്കായിരിക്കും. അതുകഴിഞ്ഞാൽ നാട്ടുവഴികൾ. ഇവയിൽനിന്നും അയാൾ ശരീരംകൊണ്ട് മാത്രം അകന്നുപോകുന്ന യാത്രകളുണ്ട്. അതിലേക്ക് നയിക്കുന്ന മൂന്നാംവഴിയാണ് പ്രവാസം. പ്രവാസ ജീവിതത്തിൽ അയാൾ സദാ ചിന്തിക്കുക തന്റെ വീടിനെയും രക്തബന്ധങ്ങളെയും കുറിച്ചായിരിക്കും. സദാ അയാൾ ആ വേരുകളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നു. അത് നട്ടുനനക്കാനും കിനാക്കളെ തലോലിക്കാനും ജീവിതം ഉരുക്കിക്കൊണ്ടേയിരിക്കുന്നു.

അതൊന്നും ചരിത്രമാക്കപ്പെടുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദീർഘമായ പലായനങ്ങൾക്ക് ആരും കാര്യമായ വിലമതിപ്പും നൽകുന്നില്ല എന്നതാണ് പ്രവാസിയുടെ ദുഃഖകരമായ വേദന. ഒരു 'ആടുജീവിത'ത്തിലെ നജീബിന്റെ വേദന മാത്രമാണ്, അല്ലെങ്കിൽ വി. മുസാഫർ അഹമ്മദിന്റെയോ ബാബു ഭരദ്വാജിന്റെയോ എഴുത്തുകളിൽക്കൂടി മാത്രമാണ് ഈ പൊള്ളുന്ന പ്രവാസജീവിതപ്പാളികളെ അറിഞ്ഞിട്ടുള്ളതും.


Tags:    
News Summary - Evolutions of migration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.