പ്രവാസലോകത്തെ ശബ്ദമെന്ന നിലയിൽ ഗൾഫ് മാധ്യമം പ്രസിദ്ധീകരണമാരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ അകമഴിഞ്ഞ ആശംസകൾ നേരുന്നു. ഇന്ത്യൻ സ്കൂളിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഗൾഫ് മാധ്യമം മികച്ച പിന്തുണയേകിയ കാര്യം ആദ്യമേ സ്മരിക്കട്ടെ.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് വിദ്യാർഥികളുടെ പത്രം പ്രസിദ്ധീകരിക്കാനും വിദ്യാർഥികൾക്ക് പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകാനും ഗൾഫ് മാധ്യമം മുൻകൈയെടുത്തിരുന്നു. വിദ്യാഭ്യാസ കാര്യങ്ങൾക്കും ഉപരിപഠന സാധ്യതകൾക്കും ഗൾഫ് മാധ്യമം നൽകുന്ന പ്രാധാന്യമെടുത്തുപറയേണ്ടതാണ്.
അതുപോലെ പ്രവാസികളുടെ സർഗാത്മക സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന നയവും ഗൾഫ് മാധ്യമത്തെ വേറിട്ടതാക്കുന്നു. വിദേശഭൂമിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ദിനപത്രം എന്നനിലക്ക് അന്നുമുതലിന്നോളം പ്രവാസികൾക്ക് സുഹൃത്തും വഴികാട്ടിയുമായി നിലകൊള്ളാൻ ഗൾഫ് മാധ്യമത്തിനു സാധിച്ചു. ഉത്തമമായ മാധ്യമപ്രവർത്തനത്തിലൂടെയും വാർത്തയിലെ നിഷ്പക്ഷതയിലൂടെയും ഈ രാജ്യത്തിന്റെ വികസനത്തിന് കാൽ നൂറ്റാണ്ട് കാലം സാക്ഷ്യംവഹിക്കാൻ ഗൾഫ് മാധ്യമത്തിന് സാധിച്ചു.
എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വളർന്ന ഗൾഫ് മാധ്യമത്തിന്റെ പിറവിയും ഈ പവിഴദ്വീപിലായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി എഡിഷനുകളുള്ള ആദ്യത്തെ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രം എന്ന ഖ്യാതി ഗൾഫ് മാധ്യമത്തിന് ലഭിച്ചത് ബഹ്റൈനിൽ ആദ്യ എഡിഷൻ ആരംഭിച്ചപ്പോഴാണ്.
അന്നുമുതൽ ഇന്നുവരെ പ്രവാസികളുടെ പ്രഭാതഭേരിയായി നിലകൊള്ളാൻ ഗൾഫ് മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ട് പിന്നിട്ട ഗൾഫ് പ്രവാസമാണ് നമ്മുടെ ജന്മനാടിന്റെ വികസനത്തിന് ആണിക്കല്ലായതെന്ന് നമുക്കേവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ രാജ്യത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും വിശാല കാഴ്ചപ്പാടും വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ വികസനരംഗത്ത് ബഹുദൂരം മുന്നേറാൻ ഈ രാജ്യത്തെ സഹായിച്ചിട്ടുണ്ട്. ബഹ്റൈന്റെ വികസന കാര്യങ്ങളിലും നേട്ടങ്ങളിലും ഗൾഫ് മാധ്യമം വലിയ പങ്കുവഹിച്ചു.
അഡ്വ. ബിനു മണ്ണിൽ വറുഗീസ് (ഇന്ത്യൻ സ്കൂൾ ചെയർമാൻ)
സ്വദേശികൾക്കൊപ്പം പ്രവാസികളെയും ഉൾക്കൊള്ളുന്ന വികസന നയമാണ് രാജ്യം എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യവികസനത്തിന് സംഭാവന നൽകാൻ തയാറായ ആരുടെ സേവനവും ഈ രാജ്യം സ്വീകരിക്കാറുണ്ട്.
സഹിഷ്ണുതയും സമാധാനവും കളിയാടുന്ന ഈ നാട് പ്രവാസി സമൂഹത്തെ എക്കാലവും ചേർത്ത് നിർത്തിയിട്ടുണ്ട്. അതിൽ ഗൾഫ് മാധ്യമവും തങ്ങളുടെ പങ്കുവഹിച്ചുവെന്നത് അഭിമാനകരമായ വസ്തുതയാണെന്ന് പറയട്ടെ. വളർച്ചയുടെ പുതിയ പാതകൾ താണ്ടാൻ കാൽനൂറ്റാണ്ടു പിന്നിടുന്ന ഈ വേളയിൽ ഗൾഫ് മാധ്യമത്തിന് സാധിക്കട്ടെയെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്ന നിലയിൽ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.