മനാമ: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവസാന്നിധ്യമായിരുന്ന മൊയ്തു കാഞ്ഞിരോട് 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക്. കണ്ണൂർ ഏച്ചൂർ സ്വദേശിയായ അദ്ദേഹം 1980ൽ ബോംബെ വഴിയാണ് ബഹ്റൈനിലെത്തിയത്. അൽ മൊയ്യിദ് കമ്പനിയിൽ രണ്ടുവർഷം ജോലി ചെയ്തു. പിന്നീട് മിനിസ്ട്രി ഓഫ് വർക്സിന്റെ ദ കൗൺസിൽ ഫോർ റെഗുലേറ്റിങ് ദ പ്രാക്ടിസ് ഓഫ് എൻജിനീയറിങ് പ്രഫഷൻസ് (CRPEP) ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 41 വർഷം തുടർച്ചയായി അവിടെ ജോലി ചെയ്തു. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് എൻജിനീയറിങ് സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കും വിവരങ്ങൾക്കും എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
പുതുതായി എത്തുന്ന മലയാളി എൻജിനീയേഴ്സിന്, CRPEP എൻജിനീയർ ലൈസൻസ് എടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ചും ആവശ്യമായ ഉപദേശ നിർദേശങ്ങൾ എപ്പോഴും നൽകാൻ അദ്ദേഹം സന്നദ്ധനായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമുള്ള അദ്ദേഹം വലിയ സുഹൃദ്ബന്ധങ്ങളുടെ ഉടമയായിരുന്നു. സാമൂഹിക, സാംസ്കാരിക, മത രംഗത്തും സംഘടനാപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. തന്റെ സുഹൃദ്ബന്ധങ്ങൾ ഉപയോഗിച്ച് ആവശ്യമായ ധനസമാഹരണം നടത്തുകയും ജീവകാരുണ്യ മേഖലയിൽ അവ വിനിയോഗിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.
ബഹ്റൈൻ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം, ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ബീവി. മക്കൾ: ജാസിറ, ജലീസ (ടീച്ചർ), നജ്മ (ഖത്തർ ), തംജീദ് (അബൂദബി), തൈസീർ (ഡിഗ്രി വിദ്യാർഥി). ഈ മാസം 21നാണ് അദ്ദേഹം നാട്ടിലേക്കു തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.