മനാമ: ഫീസ് കുടിശ്ശിക മൂലം ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് അധികൃതർ. 8000 രക്ഷിതാക്കളിൽനിന്നായി 700000 ദിനാറിന്റെ കുടിശ്ശിക ഇതുവരെ ഉണ്ടെന്നും സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കുടിശ്ശികയുള്ളവർ എത്രയും വേഗം അത് അടച്ചു തീർക്കണമെന്നുമാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി രക്ഷിതാക്കൾക്ക് കത്ത് അയച്ചിരുന്നു.
ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും മറ്റെല്ലാ പ്രവർത്തന ചെലവുകൾക്കും സ്കൂൾ ഫീസിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഫീസ് കുടിശ്ശിക കാരണം, കൃത്യസമയത്ത് ജീവനക്കാരുടെ ശമ്പളം നൽകാൻ സ്കൂളിന് കഴിയുന്നില്ല. ആഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റംബർ 12നാണ് വിതരണം ചെയ്തത്. സാധാരണ ആഗസ്റ്റിലെ ശമ്പളം ജൂണിൽ സ്കൂൾ അടക്കുമ്പോൾ മുൻകൂറായി നൽകുന്നതാണ്. ഈസ ടൗണിലും റിഫയിലുമായി രണ്ട് കാമ്പസുകളിലായി ഏകദേശം 12,500 വിദ്യാർഥികളും 700 സ്റ്റാഫ് അംഗങ്ങളുമാണ് സ്കൂളിലുള്ളത്.
വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന ഫീസ് മാത്രമാണ് സ്കൂളിന്റെ ആകെയുള്ള വരുമാനമെന്നും അത് കൃത്യമായി അടയ്ക്കുന്നില്ലെങ്കിൽ സ്കൂൾ പ്രവർത്തനം അവതാളത്തിലാകുമെന്നും സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ജൂണിൽ സ്കൂൾ അടച്ചപ്പോൾ രക്ഷിതാക്കളിൽ നിരവധിപേർ ഫീസ് അടച്ചിരുന്നില്ല.
നാട്ടിലേക്ക് പോകുന്നതുകൊണ്ട് പലർക്കും അടയ്ക്കാനായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഒരു മാസത്തെ ഫീസ് ഇനത്തിൽ നാലു ലക്ഷം ദിനാറാണ് സ്കൂളിന് ലഭിക്കേണ്ടത്. ജൂണിൽ ലഭിച്ചത് ഒരുലക്ഷം ദിനാർ മാത്രമാണ്. സെപ്റ്റംബറിലെ ഫീസ് കൂടി ആയപ്പോഴാണ് ഏഴുലക്ഷം ദിനാറിന്റെ കുടിശ്ശികയുണ്ടായത്.
അവധിക്കാലത്തെ അധ്യാപകരുടെ ശമ്പളമടക്കം മറ്റ് നീക്കിയിരിപ്പുകളിൽ നിന്നാണ് കൊടുത്തിരുന്നത്. എന്നാൽ, രണ്ട് വർഷമായി ഫെയർ നടക്കുന്നില്ല എന്നതിനാൽ ഫീസല്ലാതെ മറ്റ് വരുമാനം സ്കൂളിനില്ല. അർഹതയുള്ള നിരവധി വിദ്യാർഥികൾക്ക് ഇളവുകൾ നൽകുന്നുണ്ട്. എന്നാൽ, ഫീസ് കൃത്യമായി അടച്ചാൽ മാത്രമേ സ്കൂൾ പ്രവർത്തനം സുഗമമായി പോകൂവെന്ന് മനസ്സിലാക്കി രക്ഷിതാക്കൾ അതിന് യോജിച്ച സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രക്ഷിതാക്കളെയും ഇന്ത്യൻ സമൂഹത്തെയും ആശങ്കയിലാക്കുന്ന അനാവശ്യ സർക്കുലർ സ്കൂൾ അധികൃതർ പിൻവലിക്കണമെന്ന് മുൻ ചെയർമാൻ എബ്രഹാം ജോൺ ആവശ്യപ്പെട്ടു. സ്കൂളിനെ പ്രതിസന്ധിയിലാക്കാതെ രക്ഷിതാക്കൾ സഹകരിക്കണം. അധികാരം നിലനിർത്താൻ വേണ്ടി വഴിവിട്ട് ഫീസ് ഇളവുകൾ നൽകിയതും അകാരണമായി അധ്യാപകരെ പിരിച്ചുവിട്ടത് മൂലം വന്ന കോമ്പൻസേഷൻ വക്കീൽ ഫീസ്, കോടതി ചെലവുകൾ എന്നിവക്കായി സ്കൂളിന്റെ ഫീസ് ഇനത്തിൽ വരുന്ന വരുമാനം വക മാറ്റി ചെലവഴിച്ചതുമാണ് സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
സാമ്പത്തിക പ്രതിസന്ധി മൂലം കുറേ രക്ഷിതാക്കൾക്കെങ്കിലും യഥാസമയം ഫീസ് അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഫീസ് കുടിശ്ശിക ഇത്രയും തുക വന്നത് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലേതായിരിക്കാൻ വഴിയില്ല. കാരണം ഏപ്രിലിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ക്ലാസുകളിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് മുമ്പായി നിർബന്ധമായും ഫീസ് കുടിശ്ശിക തീർത്തതിനു ശേഷം മാത്രമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പിന്നെയെങ്ങനെ 8000ത്തിൽ പരം കുട്ടികൾ ഫീസ് കുടിശ്ശിക വരുത്തിയെന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
ഈ കണക്കിൽ പൊരുത്തക്കേടുകളുണ്ട്. അതുകൊണ്ടാണ് മുകളിൽ പറഞ്ഞ കാര്യങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് പറഞ്ഞത്. സെപ്റ്റംബർ മാസം മാത്രമാണോ സാമ്പത്തിക കാര്യങ്ങൾ മാനേജ്മെൻറിന് മനസ്സിലായത്. ഫീസ് വർധിപ്പിക്കാനുള്ള നീക്കമാണോ കുടിശ്ശികയെന്ന വാദത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഇന്ത്യൻ സ്കൂളിന്റെ നിലനിൽപ് ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. സ്കൂൾ മാനേജ്മെൻറ് ഉണർന്ന് പ്രവർത്തിച്ച് അനാവശ്യ ചെലവും വക മാറ്റി ചെലവഴിക്കുന്നതും നിർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.