പോക്കർഹാജിയുടെ പ്രവാസത്തിന് അമ്പതാണ്ടിന്റെ തിളക്കം

മനാമ: ഇന്നേക്ക് കൃത്യം അമ്പതുവർഷങ്ങൾക്കുമുമ്പാണ് കോഴിക്കോട് ആയഞ്ചേരി സ്വദേശി കുരുട്ടി പോക്കർ ഹാജി ബഹ്റൈൻ തീരത്ത് കപ്പലിറങ്ങിയത്. കൃത്യമായിപ്പറഞ്ഞാൽ 1973 ഡിസംബർ 29ന്. സിംസിം ഗ്രുപ്പിന്റെയും ഫുഡ് വേൾഡിന്റെയും നെടും തൂണായി പവിഴദ്വീപിന്റെ വ്യാപാര, വാണിജ്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ അരനൂറ്റാണ്ടുകാലത്തെ പ്രവാസചരിത്രം, അദ്ദേഹം വഴി ഗൾഫിലെത്തി ജീവിതം കരുപ്പിടിപ്പിച്ച ആയഞ്ചേരിക്കാരായ നിരവധിപേരുടെ കൂടി കഥയാണ്.

പാചകക്കാരനെന്ന നിലയിൽ ബഹ്റൈനിലെത്തുകയും കോൾഡ് സ്റ്റോറിലെ തൊഴിലാളിയായും ഭക്ഷണവിതരണക്കാരനായുമെല്ലാം ജോലി നോക്കി കോൾഡ് സ്റേറാർ ഉടമയെന്ന നിലയിൽ വ്യാപാരരംഗത്തെത്തിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് വലിയൊരു ബിസിനസസ് നെറ്റ് വർക്കിന്റെ തലപ്പത്തെത്തിയത്. ആ ജീവിതകഥ, അത്ര പ്രയാസങ്ങളൊനും നേരിട്ടിട്ടില്ലാത്ത പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കും. 1973 ഡിസംബർ അഞ്ചിനാണ് അന്ന് പതിനെട്ടു വയസ്സുമാത്രമുണ്ടായിരുന്ന പോക്കർ വീട്ടിൽ നിന്നും ബോംബെയ്ക്ക് പുറപ്പെടുന്നത്.

അതിജീവനം സാധ്യമല്ലാത്ത നാട്ടിലെ അവസ്ഥയായിരുന്നു അക്കാലത്തെ ഏതൊരു പ്രവാസിയെയും പോലെ അദ്ദേഹത്തെയും ​ഗൾഫിലേക്ക് യാത്രയാക്കിയത്. ബോംബെയിലെത്തി ആഴ്ചകൾക്കുശേഷം ഡിസംബർ 23 ന് ബോംബെ തീരത്തുനിന്ന് കപ്പൽ പുറപ്പെട്ടു. ഏഴുദിവസങ്ങൾ നീണ്ട ദുരിതയാത്രയ്ക്കുശേഷം കപ്പൽ ഡിസംബർ 29 ന് ബഹ്റൈൻ തീരത്തെത്തി. കൊടും തണുപ്പ് സഹിച്ചായിരുന്നു ആ യുവാവിന്റെ യാത്ര. കടൽച്ചൊരുക്ക് മൂലം അവശരായ യാത്രക്കാർ. എല്ല ദുരിതങ്ങളും അതിജീവിച്ച് കരക്കിറങ്ങിയപ്പോൾ കിട്ടിയത് ഖുബ്ബൂസും വെള്ളവും മാത്രം. നാടിനെയും വീടിനെയും ഓർത്ത് കരഞ്ഞ രാത്രികൾ.

 

സമൂസക്കടയിൽ തുടക്കം

ആദ്യം ജോലി ലഭിച്ചത് ഒരു സമൂസ കടയിലായിരുന്നു. 25 ദീനാർ മാത്രമായിരുന്നു മാസശമ്പളം. വെളുപ്പിന് തുടങ്ങി അർദ്ധരാത്രി വരെ നീളുന്ന ജോലി. തിരികെപ്പോകാൻ പലവട്ടം ആലോചിച്ചു. പോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് മനാമയിലെ മറ്റൊരു സമൂസക്കടയിലേക്ക് മാറി. അൽപം ഭേദപ്പെട്ട വേതനം ലഭിച്ചു തുടങ്ങി. അക്കാലത്ത് ആയഞ്ചേരിക്കാരായ മുന്നുപേർ മാത്രമേ ബഹ്റൈനിലുള്ളു. ശുദ്ധജലത്തിനൊക്കെ വലിയ ക്ഷാമമുള്ള കാലം. റഫയിലെ കിണറിൽനിന്ന് കോരിയാണ് കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. മറ്റാവശ്യങ്ങൾക്ക് ഉപ്പുവെള്ളം മാത്രം.

വേനൽക്കാലത്ത് അതികഠിനമായ ചൂടിനെ നേരിടാൻ വെള്ളം നനച്ച തുണി വിരിച്ച് വീടിനു വെളിയിൽ കിടന്നുറങ്ങും. സമൂസ ഷോപ്പുകളിലും മറ്റും വിതരണം ചെയ്യേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി ബൈക്കോടിക്കാൻ പഠിച്ചു. ലൈസൻസുമെടുത്തു. ബൈക്കിൽ സമൂസ വിതരണം ചെയ്ത് മോശമല്ലാത്ത വരുമാനം ലഭിച്ചുതുടങ്ങിയ കാലം. ആ സമയത്താണ് നാട്ടുകാരനായ ഒരു സുഹൃത്ത് ഖത്തറിൽ വെച്ച് ബൈക്ക് ആക്സിഡന്റിൽ മരിക്കുന്നത്. അതറിഞ്ഞ ഉമ്മ, ​മോട്ടോർ സൈക്കിളിലുള്ള ജോലി അവസാനിപ്പിക്കണമെന്ന് വാശി പിടിച്ചു. ഇതെത്തുടർന്നാണ് 1978 ൽ റഫയിൽ കോൾഡ് സ്റ്റോർ തുടങ്ങിയത്.

 

കോൾഡ് സ്റ്റോർ കാലം

ജീവിതത്തിന്റെ മ​​റ്റൊരു ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. പാർട്ട്ണറായി ഭാര്യാസഹോദരിയുടെ ഭർത്താവായ കാർത്തികപ്പള്ളി നടുക്കണ്ടി കുഞ്ഞബ്ദുല്ലയെയും കൂട്ടാൻ ഭാര്യാപിതാവ് നിർദ്ദേശിച്ചു. ആ പാർട്ണർഷിപ്പിൽ പിറന്നതാണ് അൽഅസദ്. 1983 ഡിസംബർ 16 ന് ടിപ്ടോപ്പ് റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി.

1988 കാലമായപ്പോളെക്കും ഹമദ് ടൗണിലേക്ക് ബിസിനസ്സ് വ്യാപിച്ചു. പിന്നീട് ഹമദ് ടൗണിലെ റൗണ്ട് എബൗട്ടുകളിൽ കോൾഡ് സ്റേറാറുകളായി. കഫറ്റേരിയയും സൂപ്പർമാർക്കറ്റും റെഡിമെയ്ഡ് ഷോപ്പും റസ്റ്റാറന്റും എല്ലാമായി ബിസിനസ്സ് വളർന്നു. ഇക്കാലത്ത് കുഞ്ഞബ്ദുല്ലക്ക് പുറമെ മരുമകൻ മൊയ്തുവും, ഭാര്യാസഹോദരൻ എടച്ചേരി മലോൽ ഷെരീഫും കൂടി പാർട്ട്ണർമാരായി സിംസിം ഗ്രൂപ്പ് നിലവിൽ വന്നു. ഇക്കാലത്ത് സ്വന്തം ജ്യേഷ്ഠനടക്കം നിരവധി ബന്ധുക്ക​ളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും പോക്കർ ഹാജി ബഹ്റൈനിലെത്തിച്ചു. ഒരു നാടിന്റെ അഭിവൃദ്ധിക്കുതന്നെ ഈ കുടിയേറ്റം കാരണമാകുന്നതാണ് പിന്നീട് കണ്ടത്. മാറുന്ന കാലത്തിനനുസരിച്ച് ആധുനികവത്കരണം നടപ്പാക്കാനും ഗ്രൂപ്പിനായി. മൂത്ത മകനായ മുഹമ്മദ് ഷവാദിന്റെ നേതൃത്വത്തിൽ 2011 ൽ ഫുഡ് വേൾഡ് ഗ്രൂപ്പ് പിറവിയെടുക്കുന്നതങ്ങനെയാണ്.

ബഹ്റൈൻ തന്ന സ്നേഹം

ആദ്യം ബഹ്റൈനിൽ കാലുകുത്തിയതിനുശേഷം മൂന്നു വർഷം കഴിഞ്ഞാണ് നാട്ടിലേക്ക് പോകാനായത്. കോൾഡ് സ്റ്റോറി​ലെ ഉപഭോക്താക്കളിലധികവും സ്വദേശികളായിരുന്നു. ഇന്ത്യക്കാരനെന്ന നിലയിൽ വളരെ സ്നേഹത്തോടെയാണ് അവർ പെരുമാറിയിരുന്നതെന്ന് പോക്കർ ഹാജി ഓർമ്മിക്കുന്നു. അന്നും ഇന്നും ഏതൊരു സാധാരണക്കാരനും അതിജീവിക്കാനുള്ള സാഹചര്യം ബഹ്റൈനിലുണ്ട്. ഖുബ്ബൂസിനൊന്നും വില വർധിച്ചിട്ടേയില്ല.

പെട്രോളിനും വലിയ വില വർധനവുണ്ടായിട്ടില്ല. ബഹ്റൈൻ വികസിക്കുന്നത് അടുത്ത് നിന്ന് കാണാൻ സാധിച്ചു. വന്ന കാലത്ത് വലിയ കെട്ടിടങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ബഹ്റൈൻ ഇന്നത്തെ നിലയിലേക്ക് വളർന്നു. സൗകര്യങ്ങൾ വർധിച്ചു. ആദ്യം കുടുംബത്തെ കൊണ്ടുവന്നിരുന്നെങ്കിലും കുറെക്കാലത്തിനുശേഷം തിരികെ അയയ്ക്കുകയായിരുന്നു. പിന്നീട് മക്കൾ വളർന്നപ്പോൾ അവരെയെല്ലാം കൂടെക്കൂട്ടി. ബഹ്റൈനിലെ ഈ മനോഹരമായ അന്തരീക്ഷമാണ് അതിന് വഴിതെളിച്ചത്. ഷിഫ, മുഹമ്മദ് ഷവാദ്(ഫൗണ്ടർ ആന്റ് സി. ഇ.ഒ, ഫുഡ് വേൾഡ് ഗ്രൂപ്പ് ), മുഹമ്മദ് സഫീർ(ഡയറക്ടർ,ഫുഡ് വേൾഡ് ഗ്രൂപ്പ്), മുഹമ്മദ് ഷഫീഖ് (ഡയറക്ടർ, ഫുഡ് വേൾഡ് ഗ്രൂപ്പ്) എന്നിവരാണ് മക്കൾ. ആൺമക്കളെല്ലാം ഇന്ന് പോക്കർ ഹാജിക്കൊപ്പം ബഹ്റൈനിൽ ബിസിനസ്സ് രംഗത്തുണ്ട്.

കഠിനാധ്വാനം; പിന്നെ ദൈവാനുഗ്രഹവും

ജോലിയോടുള്ള ആത്മസമർപ്പണമാണ് ബിസിനസ്സ് രംഗത്ത് ഉയരാൻ സഹായിച്ചതെന്ന് പോക്കർ ഹാജി പറയുന്നു. വെളുപ്പിനെ തുടങ്ങി അർദ്ധരാത്രി വരെ നീളുന്ന ജോലിയാണ് ആദ്യ സമയം മുതലുണ്ടായിരുന്നത്. കോൾഡ് സ്റ്റോർ കാലത്തും പിന്നീട് സൂപ്പർ മാർക്കറ്റിലേക്ക് വളർന്നപ്പോഴു​മെല്ലാം അതിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബിസിനസ്സ് രംഗത്ത് നേരും നെറിയും പുലർത്താൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടേയും ഇടപാടുകാരുടേയും ആ വിശ്വാസമാണ് തന്റെ ബലം.ദൈവാനുഗ്രഹം എന്നും കൂടെയുണ്ടായിരുന്നു. പ്രവാസത്തിന്റെ അമ്പതു വർഷം പൂർത്തിയാക്കിയവർ ഇന്ന് ബഹ്റൈനിൽ കുറവായിരിക്കും. ഈ രാജ്യത്തിന്റെ സ്നേഹവും കരുതലും ഇനിയും കാലങ്ങളോളം ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്ന് പോക്കർ ഹാജി പറയുന്നു.

Tags:    
News Summary - Fifties-shine-for-Pokerhaji-Exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.