മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ച് ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് ചരിത്ര പ്രസിദ്ധമായ ബാബുൽ ബഹ്റൈനിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ ദീപാലങ്കാരമൊരുക്കിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതേസമയം ഇന്ത്യയിലെ കുത്ബ് മിനാർ ബഹ്റൈൻ ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കുകയും ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബാബുൽ ബഹ്റൈനിലെ ലിറ്റിൽ ഇന്ത്യ സ്ക്വയറാണ് ആഘോഷങ്ങൾക്ക് മുഖ്യ വേദിയായത്. തുടർന്ന് ബാൻഡ് സംഘത്തിെൻറ അകമ്പടിയോടെ ഹ്രസ്വ ഘോഷയാത്രയും നടത്തി. അതോറിറ്റി പ്രസിഡൻറ് ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളുടെയും പരമ്പരാഗത രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ കാഴ്ചക്കാരെ ആകർഷിച്ചു. ബഹ്റൈൻ കേരളീയ സമാജം ഒരുക്കിയ സ്റ്റാളും ശ്രദ്ധ നേടി. രാത്രി എട്ടിന് കൾചറൽ ഹാളിൽ ജയ്വന്ത് നയിഡുവും സംഘവും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറി. ബുധനാഴ്ച രാത്രി ഏഴിന് നാഷനൽ മ്യൂസിയം ഒാഡിറ്റോറിയത്തിൽ ടി.എച്ച്.എം.സി പ്രസിഡൻറ് ബോബ് താക്കർ പ്രഭാഷണം നടത്തും. രാത്രി എട്ടിന് കൾചറൽ ഹാളിൽ ജയ്വന്ത് നയിഡുവും സംഘവും നേതൃത്വം നൽകുന്ന മ്യൂസിക് ഫെസ്റ്റിവലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.