മനാമ: ജുഫൈര്‍, ബുസൈതീന്‍ പ്രദേശങ്ങളിലെ ഫുഡ് ട്രക്ക് പരിശോധന പൂര്‍ത്തിയാക്കിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന് കീഴിലെ പരിശോധനാ വിഭാഗം അറിയിച്ചു. മൊബൈല്‍ ഫുഡ് ട്രക്കുകള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് വിഭാഗം, മുഹറഖ്, മനാമ പൊലീസ് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, ആരോഗ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍, മനാമ മുനിസിപ്പല്‍ കൗണ്‍സില്‍, എല്‍.എം.ആര്.എ എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഫുഡ് ട്രക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം സുരക്ഷിതമാക്കുന്നതിെൻറ ഭാഗമായി എല്ലാ ഗവര്‍ണറേറ്റ് പരിധികളിലും പരിശോധന നടത്തും. സ്വദേശികളുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതോടൊപ്പം നിബന്ധനകള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ട്രക്കുകള്‍ രൂപകല്പന ചെയ്യാനും നിബന്ധനകള്‍ പാലിച്ചവക്ക് ലൈസന്‍സ് നല്‍കാനുമാണ് തീരുമാനം.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പരാതികളുയര്‍ന്നാല്‍ അവ പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസങ്ങളിലായി 130 ഫുഡ് ട്രക്കുകളാണ് പരിശോധിച്ചത്. ഇതില്‍ 61 എണ്ണം നിബന്ധനകള്‍ പാലിച്ചതായി പരിശോധനയില്‍ കണ്ടെത്തി. 19 എണ്ണം ജുഫൈറിലും 42 എണ്ണം ബുസൈതീനിലുമാണ്.എട്ട് ട്രക്കുകളില്‍ സ്വദേശികളില്ലാതെ വിദേശികള്‍ മാത്രം തൊഴിലെടുക്കുന്നതായും മൂന്ന് ട്രക്കുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.