മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് പി.എം. ശ്രീനിവാസൻ നാട്ടിലേക്ക് മടങ്ങുന്നു. കലാ, സാംസ്കാരിക രംഗങ്ങളിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന കണ്ണൂർ എടക്കാട് സ്വദേശിയായ ശ്രീനിവാസൻ 42 വർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്. തുടക്കത്തിൽ 10 വർഷത്തോളം വിവിധ ജോലികൾ ചെയ്തു. പിന്നീട് സൽമാബാദിൽ അൽ ഹമ്റിയ എന്ന പേരിൽ ഗാരേജ് തുടങ്ങി.
ജോലിക്കൊപ്പം സാംസ്കാരിക പ്രവർത്തനത്തിനും സമയം കണ്ടെത്തിയ ശ്രീനിവാസൻ ബഹ്റൈൻ കേരളീയ സമാജും ലൈഫ് മെംബറാണ്. മൂന്ന് തവണ കലാവിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചു. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്ഥാപക അംഗമായ ഇദ്ദേഹം അസി. സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ കലാപരിപാടികളുടെ കോഓഡിനേറ്ററായും പ്രവർത്തിച്ചു.
നാല് പതിറ്റാണ്ട് കാലത്തെ ബഹ്റൈൻ ജീവിതത്തിനിടയിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി എഴുതിയ 'പവിഴത്തുരുത്തിന്റെ പരിലാളനകൾ' എന്ന പുസ്തകം തിരുവനന്തപുരത്തുവെച്ചാണ് പ്രകാശനം ചെയ്തത്. ബഹ്റൈനിലെ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. പെയിന്റിങ്, പാട്ട്, ചെണ്ട എന്നിവയിലും കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം ജൂൺ നാലിന് നാട്ടിലേക്ക് മടങ്ങും. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ശ്രുതി, സ്മൃതി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.