മനാമ: സൈബർ തട്ടിപ്പിനിരയായ മലയാളി നഴ്സിന് നഷ്ടമായത് ബാങ്കിൽനിന്ന് ലോണെടുത്ത 2950 ദീനാർ. സൽമാനിയ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ 45കാരിക്കാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്.
കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് പുതിയ വീടുവെക്കാനാണ് ബഹ്റൈനിലെ ബാങ്കിൽനിന്ന് ഇവർ ലോണെടുത്തത്. മേയ് 25നാണ് ബാങ്കിൽ ലോണിന് അപേക്ഷ നൽകിയത്. ജൂൺ ഒന്നിന് ഇവർക്ക് അത്യാവശ്യ കാര്യത്തിന് നാട്ടിലേക്ക് പോകേണ്ടിവന്നു.
ജൂൺ രണ്ടിന് ലോൺ അപേക്ഷ പ്രകാരം അനുവദിച്ച 5306 ദീനാർ അക്കൗണ്ടിലെത്തി. ഇതിനിടെ, മേയ് 30ന് ഇവർക്ക് ദുബൈ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ ഒരു കാൾ വന്നു. ബഹ്റൈനിലെ സി.ഐ.ഡിയിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് വിളിവന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരക്കിയശേഷം ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോദിച്ചു. കാർഡിന്റെ പിറകിലെ നമ്പർ ചോദിച്ചപ്പോൾ സംശയം തോന്നിയ ഇവർ ഫോൺ കട്ട് ചെയ്തു. പിന്നീട് ബാങ്കിൽ വിളിച്ച് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആക്കി.
എന്നാൽ, അക്കൗണ്ടിൽ ലോൺ തുക വന്നശേഷം ജൂൺ അഞ്ചിന് ഉച്ച കഴിഞ്ഞ് നാലു തവണയായി 2950 ദീനാർ പിൻവലിച്ചതായി മൊബൈലിൽ സന്ദേശം വന്നു. 1000, 500, 1000, 450 എന്നിങ്ങനെയാണ് തുക പിൻവലിച്ചത്. നാട്ടിലായതിനാൽ, ഉടൻതന്നെ ഇ-മെയിൽ മുഖേന ബാങ്കിന്റെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
പണം നഷ്ടമായതിനെത്തുടർന്ന് കഴിഞ്ഞദിവസം ബഹ്റൈനിൽ തിരിച്ചെത്തിയ ഇവർ ബാങ്കിലും സി.ഐ.ഡിയിലും പരാതി നൽകിയിരിക്കുകയാണ്.
സമീപ ദിവസങ്ങളിൽ നിരവധി പേരാണ് അജ്ഞാത വാട്സ്ആപ് കാളുകളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. സി.ഐ.ഡി, ബാങ്ക്, മൊബൈൽ കമ്പനി തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിലസുന്നത്.
തട്ടിപ്പ് മനസ്സിലാക്കാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പി നമ്പറും നൽകുന്നവർ പണം നഷ്ടമാകുമ്പോഴാണ് ചതി തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.