സുഹാർ: ബുറൈമി, ബാത്തിന മേഖലയിലെ മലയാളികൾക്ക് സന്തോഷ വാർത്തയുമായി സലാം എയർ. സുഹാറിൽനിന്ന് ആദ്യമായി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവിസ് ജൂലൈ 22ന് തുടങ്ങും. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതം സർവിസ് നടത്തും. രാത്രി 12.25ന് സുഹാറിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട്ട് എത്തും. ഇവിടെനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 8.15ന് സുഹാറിൽ എത്തും. സുഹാറിൽനിന്ന് കേരളത്തിലേക്ക് പറക്കുന്ന ആദ്യ വിമാന സർവിസ് ആയി മാറുകയാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മുമ്പ് ഷാർജ ആസ്ഥാനമായ എയർ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷൻ സർവിസ് നടത്തിയിരുന്നെങ്കിലും മാസങ്ങൾക്കുമുമ്പ് സർവിസ് അവസാനിപ്പിക്കുകയായിരുന്നു.
രണ്ടുമുതൽ നാലുമണിക്കൂർവരെ ഷാർജ എയർപോർട്ടിൽ കാത്തുകിടക്കേണ്ടിവരുമെങ്കിലും ഈ മേഖലയിൽ ഉള്ളവർക്ക് വലിയ ആശ്വാസമായിരുന്നു എയർ ആറേബ്യയുടെ സർവിസ്.
സലാം എയറിന്റെ ഈ സർവിസ് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബുറൈമിയിലെ സാമൂഹിക പ്രവർത്തകൻ നവാസ് മൂസക്കുഞ്ഞ് പറഞ്ഞു. മസ്കത്തിൽനിന്ന് കോഴിക്കോടേക്കുള്ള നിരക്കിനേക്കാൾ കുറവാണ് സുഹാറിൽനിന്നുള്ളതെന്ന് സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് പ്രധിനിധി അഷ്‌റഫ് മാന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.