ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

പൂർണമായും ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതിക്ക് തുടക്കം

മനാമ: ഉപഗ്രഹ നിർമാണ രംഗത്ത് ചുവടുറപ്പിക്കാൻ തയാറെടുത്ത് ബഹ്റൈനും. പൂർണമായും തദ്ദേശീയമായി ഉപഗ്രഹം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അറിയിച്ചു. 2023 ഡിസംബറിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. ബഹിരാകാശ ശാസ്ത്ര, സാങ്കേതിക രംഗത്ത് അറിവും പരിശീലനവും നേടിയ ബഹ്റൈനി യുവശാസ്ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

നിരവധി ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലുടെയും ബഹ്റൈനെ ബഹിരാകാശ മേഖലയിലെ മുൻനിര രാജ്യങ്ങൾക്കൊപ്പമെത്തിക്കാൻ അക്ഷീണ പരിശ്രമം നടത്തുന്ന നാഷനൽ സ്പേസ് സയൻസ് ഏജൻസിയെ അദ്ദേഹം അഭിനന്ദിച്ചു. ആദ്യ ബഹ്റൈനി ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ തുടക്കം കുറിച്ച് 2028ൽ അവസാനിക്കുന്ന പുതിയ ബഹിരാകാശ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് നാഷനൽ സ്പേസ് സയൻസ് ഏജൻസി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു.

യു.എ.ഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് കഴിഞ്ഞ വർഷം ഡിസംബറിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിച്ചത്. മിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപഗ്രഹത്തിന് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചത്. ബഹ്റൈന്റെ വളർച്ചയെയും ശാസ്ത്ര പുരോഗതിയെയും പ്രതീകവത്കരിക്കുന്ന സംരംഭം എന്ന നിലയിലാണ് ഈ പേരിന് അംഗീകാരം ലഭിച്ചത്.

Tags:    
News Summary - Fully Bahrain-made satellite project launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.