ലോകത്തിന് ഇന്നും അത്ഭുതമാണ് ഇന്ത്യൻ സംസ്കാരത്തിെൻറ വൈവിധ്യം. ആയിരക്കണക്കിന് ഭാഷകളും അതിലധികം സംസ്കാരങ്ങളും സമ്മേളിക്കുന്ന ഒരു നിറക്കൂട്ടാണത്. ഒരു ദേശവും ഒരു ഭാഷയും ഒരു മതവുമായി ജീവിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യയുടെ ഈ വൈചാത്യം അത്യത്ഭുതം തന്നെയാണ്. 1961ലെ സെൻസസ് പ്രകാരം 1652 ഭാഷകൾ ഇന്ത്യയിൽ സംസാര ഭാഷയായി ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാൽ, 1971 ആയപ്പോഴേക്ക് അത് 808 ആയി ചുരുങ്ങിയിരിക്കുന്നു. 22 ഭാഷകളാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. 270 മാതൃഭാഷകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് ഭാഷയുടെ കാര്യമാണെങ്കിൽ വിശാല ഇന്ത്യൻ സംസ്കാരം ഏതൊരാളെയും അതിശയിപ്പിക്കുന്നതുതന്നെയാണ്. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ത്യയിലുള്ളത്. ഒരു സംസ്ഥാനത്തുതന്നെ വിവിധ ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്ന് അറിയുമ്പോഴാണ് ഇന്ത്യൻ സംസ്കാരത്തിന്‍റെ വ്യാപ്തി ബോധ്യമാവുക. ഇന്ത്യയിൽ ഏറ്റവുമധികം ഭാഷ ഉപയോഗിക്കുന്ന സംസ്ഥാനം നാഗാലാൻഡും 97 ശതമാനം ജനങ്ങളും ഒരൊറ്റ ഭാഷ ഉപയോഗിക്കുന്ന സംസ്ഥാനം കേരളവുമാണെന്ന് 2013ലെ സെൻസസ് വ്യക്തമാക്കുന്നു. നാഗാലാൻഡിൽ പതിനാല് ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു സംസ്ഥാനത്ത് മാത്രം ഇത്രയും ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ടെങ്കിൽ ആ സംസ്ഥാനത്തിന്‍റെ സംസ്കാരം എത്രമാത്രം വിചിത്രമായിരിക്കും. തീർച്ചയായും അങ്ങനെത്തന്നെയാണ്. സംസ്കാരത്തിൽ മാത്രമല്ല ആ ജനവിഭാഗത്തിന്‍റെ ജീവിതരീതിയും വിശ്വാസവുമെല്ലാം ഇങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതുതന്നെയാണ്.
ഇത് സംസ്ഥാനങ്ങളുടെ പൊതുവിലുള്ള കാര്യമാണെങ്കിൽ ആദിവാസികൾ അടക്കമുള്ള ഗോത്രവർഗ വിഭാഗങ്ങളുടെ പൊതുവിവരം എടുത്താൽ ഏറെ അത്ഭുതങ്ങളാണ് കാണാൻ കഴിയുക. ആയിരത്തിൽ താഴെ ആളുകൾ സംസാരിക്കുന്ന ഭാഷകൾവരെ ഇത്തരം ഗോത്രവർഗ മേഖലകളിൽ കാണാൻ സാധിക്കും. ഇങ്ങനെ ബഹുഭാഷയും ബഹുവർണങ്ങളും സമ്മിശ്രമായി സമ്മേളിച്ച പൂന്തോപ്പാണ് ഇന്ത്യയെന്ന് നിസ്സംശയം പറയാം.
എന്നാൽ അടുത്ത 25 വർഷത്തിനു ശേഷമുള്ള ഇന്ത്യ എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുക ദുഷ്കരമാണ്.
രാഷ്ട്രപതിഭവനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മുഗൾ ഗാർഡൻ 15 ഏക്കറിൽ പരന്നുകിടക്കുന്ന വശ്യമനോഹര പൂന്തോപ്പാണ്. വർഷത്തിൽ രണ്ട് മാസങ്ങളാണ് ഇവിടെ പൊതുജനത്തിന് പ്രവേശനാനുമതി ലഭിക്കുന്നത്. ആയിരക്കണക്കിന് ഇനങ്ങളിലുള്ള, നാസാരന്ദ്രങ്ങൾക്ക് മണം പിടിക്കാൻ കഴിയാത്തത്ര സുഗന്ധങ്ങളുടെ സമ്മിശ്രമാണ് അവിടെ സന്ദർശിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്നത്. ഈ പൂന്തോട്ടത്തിെൻറ നടത്തിപ്പുകാരന് ഒരു സുപ്രഭാതത്തിൽ തോന്നുകയാണ്, എന്തിനാണിത്രയും പുഷ്പങ്ങൾ? എല്ലാറ്റിനും പകരം ഒരു താമര പോരേ? അങ്ങനെയാകുമ്പോൾ എന്തു ഭംഗിയാകും താമരക്ക്? അങ്ങനെ ഒരു തീരുമാനമെടുത്ത് പ്രാബല്യത്തിൽ വരുത്താൻ അയാൾ ശ്രമിച്ചാൽ എന്താകും ഫലം? വർണങ്ങളുടെയും സുഗന്ധങ്ങളുടെയും വശ്യതയിൽ തുടുത്തുനിന്നിരുന്ന പൂന്തോട്ടം ഒരൊറ്റ പൂവിനെ പേറി അനാകർഷകമായി വാടിക്കരിഞ്ഞിരിക്കും.
ഇന്ത്യ അത്ഭുതമാണ്. അവിടെ എല്ലാവർക്കും ജീവിക്കണം. മതമുള്ളവനും ഇല്ലാത്തവനും മതത്തെ എതിർക്കുന്നവനും ഒരുപോലെ അവരവരുടെ ഇംഗിതത്തിന് അനുസൃതമായി ജീവിക്കാൻ കഴിയണം. ഒന്നും ഒരാളെയും അടിച്ചേൽപിക്കാതെ സർവതന്ത്ര സ്വതന്ത്രനായി ജീവിക്കാൻ അനുവദിച്ചാൽ അടുത്ത അര നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും, കഴിഞ്ഞ 75 വർഷത്തേക്കാൾ മികച്ച രാജ്യമായി ഇന്ത്യ മാറുമെന്നുറപ്പ്. വൈചാത്യം നിറഞ്ഞ സംസ്കാരങ്ങളുടെ പറുദീസയായി ഇന്ത്യ ചരിത്രം രചിച്ചുകെണ്ടേയിരിക്കും. അതിനാകട്ടെ നമ്മുടെ ശ്രമവും പ്രാർഥനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.