മനാമ: ജി.സി.സി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെ നടപടികൾക്ക് വേഗമേറി. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന റെയിൽവേ പദ്ധതി 250 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്നതാണ്.
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ മെഗാ പദ്ധതിയായിരിക്കുമിത്. ട്രാൻസ്-യൂറോപ്യൻ ട്രാൻസ്പോർട്ട് നെറ്റ്വർക്ക് (600 ബില്യൺ ഡോളർ) നിയോം സിറ്റി (500 ബില്യൺ ഡോളർ) എന്നിവ മാത്രമാണ് ഇതിലും വലിയ പദ്ധതികൾ. കിങ് ഹമദ് കോസ്വേ കടന്ന് സൗദിയിലേക്ക് 21 കിലോമീറ്ററും ബഹ്റൈനിലേക്ക് 24 കിലോമീറ്ററും ഗൾഫ് റെയിൽവേ വ്യാപിക്കും. ഈ ലൈൻ ജി.സി.സി റെയിൽവേ ശൃംഖലയുമായി സംയോജിപ്പിക്കും.
കുവൈത്ത് ദമ്മാം വഴിയാണ് പാത ബഹ്റൈനിലെത്തുന്നത്. ദമ്മാമിൽനിന്ന്, ഖത്തറിനെ ബഹ്റൈനുമായി സൽവ ബോർഡർ ക്രോസിങ് വഴി ബന്ധിപ്പിക്കും. സൗദി അറേബ്യയിൽനിന്ന് അബൂദബി, അൽ ഐൻ വഴി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെത്തും. സുഹാർ വഴി മസ്കത്തിൽ എത്തിച്ചേരും.
2030 ഡിസംബറിൽ യാഥാർഥ്യമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ബഹ്റൈനിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയിരുന്നു. ജനാബിയ, റാംലി, നുവൈദ്രത്ത്, മുഹറഖ് എന്നിവിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നുണ്ട്. യു.എ.ഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരിക്കുന്നത്.
യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീറ്റർ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീറ്റർ പൂർത്തിയായി.സുഹാർ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്.
ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം കിങ് ഹമദ് കോസ്വേ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെയും കുവൈത്തിന്റെ 111 കി.മീറ്റർ റെയിൽവേ ട്രാക്കിന്റെയും രൂപകൽപന കഴിഞ്ഞിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം കുറയും. പദ്ധതി യാഥാർഥ്യമാവുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്ര-ചരക്കുനീക്കത്തിന് ഏറെ എളുപ്പമാവുമെന്നും ഇതുവഴി ജി.സി.സി തലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2,177 കി.മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകൾക്കൊപ്പം ചരക്കുട്രെയിനുകളും കൂകിപ്പായും. ഇത് വാണിജ്യ മേഖലയിലും ഉണർവിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.