മനാമ: ബഹ്റൈനിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകളിലേക്ക് വെളിച്ചം വീശി ഗ്രാൻഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയർ അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്ററിൽ ഓപൺ ഹൗസ് നടന്നു. ആയിരക്കണക്കിനാളുകളാണ് ഈദ് മൂന്നാം ദിവസം നടന്ന ഓപൺ ഹൗസിൽ പങ്കെടുക്കാനും മോസ്കിന്റെ വാസ്തുവൈദഗ്ധ്യം അടുത്തറിയാനുമായെത്തിയത്. വിദേശികളും സ്വദേശികളുമായ എല്ലാ വിഭാഗം സന്ദർശകർക്കുമായി മോസ്കിന്റെ പ്രവേശന കവാടങ്ങൾ തുറന്നിട്ടിരുന്നു.
സന്ദർശകരെ ഗൈഡ് ചെയ്യാനായി ബഹുഭാഷ പ്രാവീണ്യമുള്ള നിരവധി വളന്റിയർമാരെ അധികൃതർ സജ്ജരാക്കുകയും ചെയ്തു. സന്ദർശകരെ രജിസ്ട്രേഷനുശേഷം ഓരോ ഗ്രൂപ്പുകളാക്കിയാണ് മോസ്കിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. മോസ്കിന്റെ വാസ്തുവൈദഗ്ധ്യവും പ്രത്യേകതകളും ഗൈഡുകൾ വിശദീകരിച്ചു. ഫ്രഞ്ച് നിർമിതമായ കാന്തവിളക്കുകളും വിദേശ പരവതാനികളും ഇന്ത്യൻ തേക്കുതടികൊണ്ട് നിർമിച്ച വാതിലുകളും ജനലുകളും പടിക്കെട്ടുകളും മോസ്കിനെ അദ്വിതീയമാക്കുന്നതാണ്. മെയിൻ ഹാളിലും ബാൽക്കണിയിലുമായി ഏഴായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മോസ്ക് ബഹ്റൈനിലെ ഏറ്റവും വലുതും ലോകത്തെ വലിയ മോസ്കുകളിലൊന്നുമാണ്. മോസ്കിന്റെ മകുടം നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസുകൊണ്ടാണ്.
ലോകത്തിലെ ഏറ്റവും വലിയ ഫൈബർഗ്ലാസ് മകുടമാണിത്. ഇതിന് 60 ടൺ ഭാരം വരും. 1987ൽ ബഹ്റൈൻ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് മോസ്ക് നിർമിച്ചത്. ഇസ്ലാമിക സംസ്കാരത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയുമുള്ള ലളിതമായ വിവരണങ്ങളും ഗൈഡുകൾ പകർന്നുനൽകി. ഇസ്ലാമിക വാസ്തു കലാശിൽപ രീതികൾ ഒത്തിണങ്ങിയ പള്ളി സന്ദർശിക്കാനെത്തുന്നവർക്കായി ഈത്തപ്പഴവും അറബി കാപ്പിയും കുടിവെള്ളവും ഒരുക്കിയിരുന്നു. ബഹ്റൈനിലെ പരമ്പരാഗത വസ്ത്രങ്ങളണിയാനും ഫോട്ടോയെടുക്കാനും സന്ദർശകർ തിരക്കുകൂട്ടി. അറബിക് കാലിഗ്രഫിക്കായി പ്രത്യേക ഇടവും സജ്ജമാക്കിയിരുന്നു. ഇസ്ലാമിക വിശ്വാസവും പാരമ്പര്യവും വിശദീകരിക്കുന്ന വിവിധ ഭാഷകളിൽ തയാറാക്കിയ പുസ്തകങ്ങളും സന്ദർശകർക്ക് സൗജന്യമായി നൽകി. ഇസ്ലാം മതത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് പണ്ഡിതന്മാർ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.