മനാമ: നാട്ടിൽനിന്ന് ഒരു ദിവസത്തിനുശേഷം ബഹ്റൈനിൽ എത്തുന്ന മലയാള പത്രങ്ങളെ ആശ്രയിച്ചായിരുന്നു പ്രവാസി മലയാളികളുടെ വാർത്തകൾക്കായുള്ള കാത്തിരിപ്പ്. ഒരുമിച്ച് ഒരു ഫ്ലാറ്റിൽ താമസിക്കുന്നവർ വിഹിതംവെച്ച് വലിയൊരു തുക പത്രത്തിന് നീക്കിവെക്കേണ്ടിയിരുന്നു.
ആ സമയത്താണ് ബഹ്റൈനിൽ ഗൾഫ് മാധ്യമം നിരവധി പേജുകളുമായി നൂറു ഫിൽസിന് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ബഹ്റൈനിൽനിന്ന് ആദ്യമായി ഒരു മലയാള പത്രം അച്ചടിച്ചു വന്നപ്പോൾ മലയാളികളെല്ലാവരും ആഹ്ലാദത്തോടെയാണ് ഗൾഫ് മാധ്യമത്തെ നോക്കിക്കണ്ടത്.
അതതു ദിവസങ്ങളിലെ വാർത്തകൾ നേരോടെ സമയാസമയത്ത് അറിയാനായി ബഹ്റൈൻ മലയാളികൾ ഓരോ ദിവസവും ഗൾഫ് മാധ്യമത്തിനായി കാത്തിരിക്കുമായിരുന്നു. ബഹ്റൈനിൽ ഇന്ത്യക്കാർ നടത്തുന്ന സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാരിലെത്തിയത് മാധ്യമത്തിലൂടെയായിരുന്നു.
സംഘടനകളുടെയും കലാസാംസ്കാരിക കൂട്ടായ്മകളുടെയും വാർത്തകൾക്ക് ഗൾഫ് മാധ്യമം ഇടംനൽകി. പലിശ, തൊഴിൽ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ച് ജനങ്ങളെ ബോധവത്കരിക്കാനും കഴിഞ്ഞു.
തൊഴിലാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ബന്ധപ്പെട്ടവരിലെത്തിക്കാനും എംബസിയുടെ ഇടപെടലിന് വഴിയൊരുക്കാനും അതുവഴി ഒരുപാട് ജീവിതങ്ങളെ രക്ഷിച്ചെടുക്കാനും മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. ഗൾഫ് മാധ്യമം ശക്തിപ്പെടുത്തേണ്ട ചുമതല ഓരോ മലയാളിയുടേതുമാണ്. സർക്കുലേഷൻ കാമ്പയിനിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.