മനാമ: കോവിഡ് വൈറസിനെ രാജ്യം അതിജീവിക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പറ ഞ്ഞു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് നമുക്കുള്ളത്. കോവിഡ് വൈറസിനെയും നാം നേരിടുകയും അതിജയിക്കുകയും ചെയ്യും. ലോകം മുഴുവന്‍ ഇന്ന് കോവിഡ് ഭീതി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായും ചിട്ടയായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബഹ്റൈന്‍ കോവിഡിനെ അതിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ കീഴില്‍ രൂപവത്കരിച്ച പ്രത്യേക ടീം കോവിഡ് വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നടത്തിയ മുന്നേറ്റത്തെ ഹമദ് രാജാവ് അഭിനന്ദിച്ചു. വിവിധ മന്ത്രാലയങ്ങൾ, അതോറിറ്റികള്‍, പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങൾ, പൊതുജനങ്ങള്‍, കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.
മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കട്ടെയെന്നും ഹമദ് രാജാവ് പറഞ്ഞു. പൗരന്മാര് രാജ്യത്തിെൻറ തൂണുകളാണ്. എല്ലാ പ്രതിസന്ധികളും ഒന്നിച്ച് നേരിടാന്‍ അവര്‍ കെല്പുള്ളവരാണ്. ആഗോളതലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ഉണര്‍ത്തി. മാന്യമായ സംസ്കാരമാണ് രാജ്യത്തെ ഓരോ പൗരന്മാരും കാത്തുസൂക്ഷിക്കുന്നത്. രാജ്യത്തിെൻറ മഹിതമായ പാരമ്പര്യം ഒറ്റ കുടുംബംപോലെ സ്നേഹത്തോടെയും സാഹോദര്യത്തോടെയും വര്‍ത്തിക്കുകയെന്നതാണ്. കഴിഞ്ഞ കാലങ്ങളില്‍ രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി പാർലമെൻറ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
മനാമ: പാർലെമൻറ്, ശൂറ കൗൺസിൽ അംഗങ്ങളുമായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. കോവിഡ്-19 രോഗത്തെ നേരിടുന്നതിന് രാജ്യം നടത്തുന്ന ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ കിരീടാവകാശി എടുത്തുപറഞ്ഞു. രോഗ പ്രതിരോധത്തിനായി വ്യാപകമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
ഹമദ് രാജാവിെൻറയും ടീം ബഹ്റൈെൻറയും സജീവ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾക്കിടയിലെ ബോധവത്കരണം ഇതിൽ പ്രധാനമാണ്. കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളുടെ നിശ്ചയദാർഢ്യത്തിെൻറ ബലത്തിൽ രാജ്യം സുസ്ഥിരവും സമഗ്രവുമായ വികസനത്തിലേക്ക് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. പൗരൻമാരെയും വിദേശ താമസക്കാരെയും സംരക്ഷിക്കുന്നതിന് വൈദ്യപരിശോധന, രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി പാർപ്പിക്കൽ, ചികിത്സ തുടങ്ങിയ നടപടികൾ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
മനാമ: തിങ്കളാഴ്ച രണ്ട് പേർക്കുകൂടി കേവിഡ്-19 സ്ഥിരീകരിച്ചതോടെ ബഹ്റൈനിൽ രോഗം ബാധിച്ചവരുടെ എണ്ണം 49 ആയി. ഒരു ബഹ്റൈനി വനിതക്കും സൗദി പൗരനുമാണ് രോഗബാധ കണ്ടെത്തിയത്. ഇവരെ പ്രത്യേക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.
ചികിത്സയിലുള്ളവരിൽ 47 പേർക്കും മരുന്നുകളുടെ ആവശ്യമില്ലെന്നും രണ്ട് പേർക്ക് മാത്രമാണ് മരുന്ന് ആവശ്യമുള്ളെതന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധത്തിന് കർശനമായ പരിശോധനകൾ നടത്തുന്നുണ്ട്. രോഗ വ്യാപനം തടയാൻ സൗദിയിലെയും യു.എ.യിലെയും അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതുവരെ 2274 ലബോറട്ടറി പരിശോധനകളാണ് നടത്തിയത്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടന വിലയിരുത്തി
മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ബഹ്റൈൻ സ്വീകരിച്ച നടപടികൾ ലോകാരോഗ്യ സംഘടന പ്രതിനിധി വിലയിരുത്തി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ പറഞ്ഞു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നിര്‍ദേശപ്രകാരം ജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സാധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ബഹ്റൈന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ശരിയായ ദിശയിലുള്ളതും കൃത്യവുമായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മേഖല പ്രതിനിധി ഡോ. അഹ്മദ് അല്‍ മന്ദരി വിലയിരുത്തി. കോവിഡ് വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ടുപോകാന്‍ ബഹ്റൈന്‍ സാധിച്ചിട്ടുണ്ട്.
ഐസൊലേഷന്‍ സംവിധാനം, പരിശോധനക്കുള്ള മൊബൈല്‍ യൂനിറ്റ്, പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രൂപത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തട്ടെയെന്ന് ആശംസിച്ച അദ്ദേഹം ബഹ്റൈനിലെ ആരോഗ്യമേഖലക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് അടക്കം ആരോഗ്യ മേഖലയിലുള്ള ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.