മനാമ: കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ അധ്യാപകർക്കും പഠിതാക്കൾക്കുമായി ആഗോളതലത്തിൽ നടത്തിയ കൈയെഴുത്ത് മത്സരത്തിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന് അഭിമാനനേട്ടം. അധ്യാപകരുടെ വിഭാഗത്തിൽ ബിജു എം. സതീഷ്, ലീബ രാജേഷ് എന്നിവരും പഠിതാക്കളുടെ ജൂനിയർ വിഭാഗത്തിൽ പെർസിസ് മറിയം വിനോയിയും വിജയികളായി.
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിലെ അധ്യാപകരാണ് ബിജു എം. സതീഷും ലീബ രാജേഷും. ഇതേ പാഠശാലയിലെ കണിക്കൊന്ന പഠിതാവാണ് പെർസിസ് മറിയം വിനോയ്.
'ജനാധികാരത്തിന്റെ കിളിവാതിൽ' എന്ന പേരിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം മലയാള പരിഭാഷയാണ് കൈയെഴുത്ത് മത്സരത്തിന് തിരഞ്ഞെടുത്തിരുന്നത്. ഇന്ത്യയിലെ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിൽനിന്നും 40ഓളം വിദേശ രാജ്യങ്ങളിൽനിന്നും പങ്കെടുത്തവരിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. ഭരണഘടനയുടെ മലയാളം പരിഭാഷയും ആമുഖം ആലേഖനം ചെയ്ത ഫലകവുമാണ് സമ്മാനം. തിരുവനന്തപുരത്ത് നടക്കുന്ന മലയാണ്മ 2023ൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.