മനാമ: ആരോഗ്യപ്രശ്നവും നിയമക്കുരുക്കും മൂലം നാട്ടിൽ പോകാൻ കഴിയാതെ വലഞ്ഞ മലയാളി പ്രവാസി ലീഗൽ സെൽ സഹായത്തോടെ നാട്ടിലെത്തി. സന്തോഷാണ് നീണ്ട കാലത്തെ നിയമക്കുരുക്കിൽനിന്ന് മുക്തി നേടി നാടണഞ്ഞത്.
നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം സൽമാനിയ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒന്നിലധികം യാത്രാവിലക്കുകളും മൂന്നു കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. മൂന്നു വർഷത്തെ തടവും വിധിച്ചിരുന്നു.
എന്നാൽ, ആരോഗ്യപരമായ കാര്യങ്ങൾ മുൻനിർത്തി പ്രവാസി ലീഗൽ സെൽ നൽകിയ ദയാഹരജി കോടതി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള തടവു ശിക്ഷ റദ്ദ് ചെയ്യുകയുമായിരുന്നു. നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ദ്രുതഗതിയിലാക്കാനും കോടതി ഉത്തരവായി.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോഓഡിനേറ്ററും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെയും ബഹ്റൈനി അഭിഭാഷകൻ താരീഖ് അലോവന്റെയും ഇടപെടൽ മൂലമാണ് ഇത് സാധ്യമായത്.
ഹോപ്പ് വളന്റിയർമാരായ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല, കെ.ടി. സലീം, എം.എം. ടീം, വോയ്സ് ഓഫ് ബഹ്റൈൻ, കണ്ണൂർ ഫ്രണ്ട്സ് അംഗങ്ങൾ എന്നിവരും സഹായഹസ്തവുമായി എത്തി. ഇന്ത്യൻ എംബസി അധികൃതരും സൽമാനിയ മെഡിക്കൽ ടീമും സഹായിച്ചു.
വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സന്തോഷ് നാട്ടിലേക്ക് പുറപ്പെട്ടു. നാട്ടിൽ അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നോർക ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു. തുടർചികിത്സക്കായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.