മനാമ: ഇന്ത്യൻ സ്കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും നൽകി ആദരിച്ചു. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഹൗസ് ഒഫീഷ്യലുകളായി മികച്ച സേവനമനുഷ്ഠിച്ച 88 അധ്യാപകരെയും ആദരിച്ചു.
ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരുടെ അചഞ്ചലമായ അർപ്പണബോധവും സേവനവും ആദരിക്കപ്പെട്ട ചടങ്ങിൽ ഇരു കാമ്പസുകളിലെയും മുഴുവൻ ജീവനക്കാരും പങ്കെടുത്തു.
ബഹ്റൈൻ, ഇന്ത്യ ദേശീയ ഗാനങ്ങളോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും ദീപം തെളിക്കലും നടന്നു. അധ്യാപകർ സ്കൂൾ പ്രാർഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ സ്കൂളിന് നൽകിയ മികച്ച സേവനത്തിന് അധ്യാപകരോട് നന്ദി രേഖപ്പെടുത്തുന്നതായി പ്രിൻസ് നടരാജൻ പറഞ്ഞു. സ്ഥാപനത്തോടുള്ള അധ്യാപകരുടെ അർപ്പണബോധത്തിന് സ്കൂൾ സെക്രട്ടറി സജി ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.