മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ 14 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവിൽ മനുഷ്യക്കടത്ത് സംബന്ധിച്ച 10 പരാതികൾ മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. 15 ഇരകളെ തിരിച്ചറിയുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയായ അൽ അമ്ൻ (സെക്യൂരിറ്റി) പുതിയ ലക്കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം 25 മനുഷ്യക്കടത്ത് കേസുകൾ അന്വേഷിച്ചു. അതിൽ 41 പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. 164 ഇരകൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകി. നാലു ടൂറിസം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 2021ൽ 73 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 105 ഇരകളെ രക്ഷപ്പെടുത്തിയിരുന്നു. 29 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ടൂറിസം ഔട്ട്ലറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മനുഷ്യക്കടത്തിനെതിരായ നടപടികളിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ട്രാഫിക്കിങ് ഇൻ പേഴ്സൻ (ടി.ഐ.പി) 2023 റിപ്പോർട്ടിൽ ബഹ്റൈൻ ഒന്നാം സ്ഥാനം നിലനിർത്തിയത് അഭിമാനാർഹമാണെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ പറഞ്ഞു. തുടർച്ചയായ ആറാം വർഷമാണ് ഈ നേട്ടം.
മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനുമാവശ്യമായ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് നൗഫ് ജംഷീർ വ്യക്തമാക്കിയിരുന്നു. മനുഷ്യക്കടത്തിൽ ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കാനായി സെഹ്ലയിൽ പ്രവാസി സംരക്ഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ 2030ന്റെ അവിഭാജ്യഘടകമാണ് മികച്ച തൊഴിലന്തരീക്ഷം. തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എൽ.എം.ആർ.എ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രവാസി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വളരെയേറെ സഹായകരമാണ്.
ഈ നടപടികൾ അന്തർദേശീയ തലങ്ങളിൽ ബഹ്റൈന്റെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്റൈന് ടയർ 1 പദവിയാണുള്ളത്. മനുഷ്യക്കടത്ത് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മിനിമം മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏക ജി.സി.സി രാഷ്ട്രവും ബഹ്റൈനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.