മനാമ: ഐ.സി.എഫ് ഹാർമണി കോൺക്ലേവ് ശനിയാഴ്ച മനാമയിൽ നടക്കും. സ്നേഹസമ്പന്നമായിരുന്ന കേരളത്തിന്റെ പാരമ്പര്യം നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവത്കരണവുമായി ജനുവരിയിൽ ആരംഭിച്ച് മാർച്ച് വരെ നടത്തപ്പെടുന്ന ‘സ്നേഹകേരളം- പ്രവാസത്തിന്റെ കരുതൽ’ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിപാടി.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ 25ന് രാത്രി എട്ടിന് മനാമ കെ.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന ‘ഹാർമണി കോൺക്ലേവ്’ കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.സി.എഫ് ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ പ്രമേയപ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഡോ. ബാബു രാമചന്ദ്രൻ, സോമൻ ബേബി, പി.വി. രാധാകൃഷ്ണപിള്ള, റവ. ഷാബു ലോറൻസ്, സുബൈർ കണ്ണൂർ, ഡോ. ജോൺ പനക്കൽ, പ്രിൻസ് നടരാജൻ, ഹബീബുറഹ്മാൻ, ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, കെ.ടി. സലീം, പ്രദീപ് പത്തേരി, പി. ഉണ്ണികൃഷ്ണൻ, ബിനു കുന്നന്താനം, നിത്യൻ തോമസ്, ഡോ. ചെറിയാൻ, അബ്രഹാം ജോൺ തുടങ്ങിയവർ സംബന്ധിക്കും.
കേരളത്തിന്റെ പൂർവകാല സൗഹൃദത്തിനും സ്നേഹത്തിനും വിഘാതമാവുന്ന തരത്തിൽ വിദ്വേഷത്തിന്റെ വിഷംപേറുന്ന ചിന്താഗതികൾ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന പശ്ചാത്തലത്തിലാണ് കാമ്പയിൻ നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്നേഹസമ്പന്നമായ നാടിനെക്കുറിച്ചുള്ള പ്രവാസലോകത്തിന്റെ ആശങ്കകളാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്.
ജനമനസ്സുകളിലേക്ക് സ്നേഹസൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ദൗത്യമാണ് ഇതിനായി സംഘടന ഏറ്റെടുത്തിരിക്കുന്നത്. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന പ്രവർത്തനത്തിലൂടെ മൂന്നു പേരടങ്ങിയ 1452 ടീമുകളിൽ നിന്ന് 83,287 പേർക്ക് നേരിട്ട് സന്ദേശം കൈമാറി.
വിവിധ മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാരും പൊതുപ്രവർത്തകരും സ്നേഹകേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ-ഓഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. മാർച്ച് 17ന് അന്താരാഷ്ട്രതലത്തിൽ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെയായിരിക്കും കാമ്പയിൻ സമാപിക്കുക.
വാർത്തസമ്മേളനത്തിൽ കെ.സി. സൈനുദ്ദീൻ സഖാഫി (പ്രസി), അഡ്വ. എം.സി. അബ്ദുൽ കരീം (ജന. സെക്ര.), അബൂബക്കർ ലത്വീഫി (വൈ. പ്രസി), മുസ്തഫ ഹാജി (ഫിനാൻസ് സെക്ര), ഷമീർ പന്നൂർ (അഡ്മിൻ സെക്ര), സിയാദ് വളപട്ടണം (വെൽഫെയർ പ്രസി), നിസാർ എടപ്പാൾ (പബ്ലിക്കേഷൻ സെക്ര) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.