മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് തൊഴിലാളികളുടെ ടീമുകളെ മാത്രം ഉൾക്കൊള്ളിച്ച് ടൂർണമെന്റ് ബുസൈത്തീനിലെ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളെ പ്രതിനിധാനം ചെയ്ത് 16 ടീമുകളും 208 കളിക്കാരും പങ്കെടുത്തു.
തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുക, കമ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുക എന്നിവയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിട്ടത്. സ്പോർട്സിനോടുള്ള തൊഴിലാളി സമൂഹത്തിന്റെ അഭിനിവേശവും ആവേശവും പ്രതിഫലിപ്പിച്ചുകൊണ്ട് ഓരോ ടീമും മികച്ച കളി പുറത്തെടുത്തു.
ഷഹീൻ ഗ്രൂപ്പും ടോപ് ചോയ്സ് റസ്റ്റാറന്റ് ടീമുകളും തമ്മിലുള്ള ആവേശകരമായ ഫൈനൽ മത്സരത്തിൽ ഷഹീൻ ഗ്രൂപ് ടീം മൂന്ന് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി. വിജയികളായ ടീമിന് 400 ഡോളർ സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ടോപ് ചോയ്സ് റസ്റ്റാറന്റിന് 200 ഡോളർ സമ്മാനം ലഭിച്ചു.
വിജയികൾക്ക് ട്രോഫി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, ഭഗവാൻ അസർപോട്ട, അഡ്വ. വി.കെ. തോമസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റ ഓപറേഷൻസ് ഡയറക്ടർ നൗഷാദ്, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, സിറാജുദ്ദീൻ എന്നിവർ ചേർന്ന് റണ്ണേഴ്സ് അപ്പിന് ട്രോഫി സമ്മാനിച്ചു.
ബി.സി.സി.ഐ.എ ചെയർമാൻ വിവേക് ഗുപ്തയും ചടങ്ങിൽ പങ്കെടുത്തു. ഷെവാടാങ്ക് - എ.എം കൺസൽട്ടിങ്, ബിജു ജോർജ് - ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം എന്നിവരും ഐ.സി.ആർ.എഫ് അംഗങ്ങളും സന്നിഹിതരായിരുന്നു. പങ്കെടുത്ത ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.