ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
?എനിക്ക് ഒരു കമ്പനിയിൽ നിന്ന് ഓഫർ ലെറ്റർ കിട്ടി. അതിനെത്തുടർന്ന് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ റിസൈന് ലെറ്ററും ഓഫർ ലെറ്ററും കൊടുത്തു. ഒക്ടോബർ 13നു കൊടുത്ത രാജിക്കത്ത് കമ്പനി സ്വീകരിച്ചു. അങ്ങനെ ആണെങ്കിൽ നവംബർ 13നു ജോലി നിർത്താമല്ലോ. പക്ഷേ, നവംബർ 30 വരെ ജോലി ചെയ്യാൻ കമ്പനി പറയുന്നു. അതിൽ വല്ല കുഴപ്പവും ഉണ്ടോ ? അങ്ങനെ സാധിക്കുമോ- ഷംസു
• താങ്കൾക്ക് നിയമപരമായി നവംബർ 13വരെ ജോലി ചെയ്താൽ മതി. എന്നാൽ, കമ്പനി നവംബർ 30 വരെ ജോലി ചെയ്തു പോകാൻ പറയുന്ന സാഹചര്യത്തിൽ, ആ കാര്യം എഴുതി വാങ്ങിയശേഷം മാത്രമേ 13ാം തീയതി കഴിഞ്ഞ് ജോലി തുടരാൻ പാടുള്ളു. കാരണം നോട്ടീസ് കാലാവധി കഴിഞ്ഞു ജോലി തുടരുകയാണെങ്കിൽ താങ്കളുടെ നോട്ടീസിന്റെ വാലിഡിറ്റി നഷ്ടമാകും.
അതുകൊണ്ടാണ് 13 ാം തീയതിക്കുശേഷം തുടരുകയാണെങ്കിൽ ആ കാര്യം എഴുതി വാങ്ങിക്കണമെന്ന് പറഞ്ഞത്. നവംബർ 30 വരെ ജോലിയിൽ തുടരാമെന്നും അതിനുശേഷം വിരമിക്കുമെന്നും താങ്കളും കമ്പനിയും സമ്മതിക്കുകയും വേണം. എന്തായാലും പുതിയ കമ്പനിയിൽ ജോലിക്ക് ചേരുന്നത്, ആ കമ്പനിയുടെ പേരിലേക്ക്, താങ്കളുടെ വിസ മാറ്റിയശേഷം മാത്രമായായിരിക്കണം.
?ജോലിയിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ നിന്ന് ലീവിങ് ഇൻഡമിനിറ്റി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? അതിന്റെ നടപടിക്രമങ്ങൾ വിശദീകരിക്കാമോ- രഘു
• ഇത് പുതിയ കാര്യമായതുകൊണ്ട് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ, ഇതുവരെയുള്ള പ്രായോഗിക അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പറയാൻ സാധിക്കുകയുള്ളു. ബഹ്റൈനിൽ താമസിക്കുമ്പോൾ എല്ലാവരും ഇ- കീ എടുത്തിരിക്കണം. സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഇത് ആവശ്യമാണ്. എന്ന വെബ്സൈറ്റിൽനിന്നും ഓൺലൈൻ മുഖേന ഇ- കീ എടുക്കാൻ സാധിക്കും. അതിനുശേഷം എസ്.ഐ. ഒയുടെ ഏതെങ്കിലും കിയോസ്കിൽനിന്ന് അഡ്വാൻസ് ഇ- കീ എടുക്കണം.
ഇതിന് ഒറിജിനൽ സി.പി.ആർ മതി. sio.gov.bh എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യണമെങ്കിൽ അഡ്വാൻസ് ഇ- കീ വേണം. അഡ്വാൻസ് ഇ- കീ എടുക്കുമ്പോൾ ഫിംഗർ പ്രിന്റ് നൽകണം. എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഒരു തൊഴിലാളിയുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട്/ ഐബാൻ നൽകണം. IBAN നമ്പർ തെളിയിക്കുന്ന രേഖ ബാങ്കിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ, ജോലി പിരിഞ്ഞുപോകുമ്പോൾ ലീവിങ് ഇൻഡമിനിറ്റി ലഭിക്കാനുള്ള അപേക്ഷ ഓൺലൈൻ വഴി നൽകാൻ സാധിക്കും.
അതുപോലെ ഇവിടെ നിന്ന് വിസ റദ്ദു ചെയ്തു പോയാൽ മാത്രമേ പണം ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുകയുള്ളൂ.
അതുപോലെ തൊഴിലാളി ഇവിടെ നിന്നും പോയ ദിവസം വരെയുള്ള വിഹിതം, തൊഴിലുടമ കൊടുക്കുകയും വേണം. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച്, ഇവിടെ ജോലി മാറുകയാണെങ്കിൽ ഇൻഡമിനിറ്റി, തൊഴിലാളിയുടെ പേരിൽ എസ്.ഐ.ഒയിൽ തുടരും. കുടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ അത് ഈ കോളം മുഖേന അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.