മനാമ: തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പരിശോധന വ്യാപകമാക്കി. എല്ലാ ഗവർണറേറ്റ് പരിധികളിലും മാറിമാറി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്ന സാഹചര്യത്തിൽ പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് ഓർമിപ്പിക്കുകയാണ് സാമൂഹിക പ്രവർത്തകർ. നിയമാനുസൃതമായ രേഖകളോടെയും നിയമം അനുശാസിക്കുന്ന രീതിയിലും മാത്രം ജോലി ചെയ്യാനും തൊഴിലെടുപ്പിക്കാനും ശ്രദ്ധിച്ചാൽ കേസിന്റെയും പിഴയുടെയും നൂലാമാലകളിൽനിന്ന് രക്ഷപ്പെടാം.
വിസ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുക, സി.പി.ആർ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക, തൊഴിൽ വിസയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ ജോലി ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി അനധികൃത തൊഴിൽ സാഹചര്യം ഇല്ലാതാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
സമീപ നാളുകളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി പേരെ പിടികൂടുകയും ചെയ്തു.
നിയമപരമായ രേഖകളില്ലാതെ ഒരാളെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ സ്ഥാപന ഉടമക്ക് 1000 ദീനാറാണ് പിഴയടക്കേണ്ടിവരുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് പിഴയും നാടുകടത്തലും നേരിടേണ്ടിവരുകയും ചെയ്യാം. അധിക കേസുകളിലും ബഹ്റൈനിലേക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തുക. മതിയായ രേഖകളില്ലാതെ രണ്ടു പേരെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിച്ച മലയാളിയായ ഒരു സ്ഥാപന ഉടമക്ക് അടുത്തിടെ 2000 ദീനാറാണ് പിഴ അടക്കേണ്ടിവന്നത്.
തൊഴിൽ നിയമലംഘനത്തിന് പിഴയടക്കാതെ നാട്ടിലേക്ക് പോയാൽ തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽവെച്ച് പിടിക്കപ്പെടും. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. പിഴ അടച്ചുകഴിഞ്ഞാൽ മാത്രമാണ് പുറത്തിറങ്ങാൻ സാധിക്കുക. കൃത്യസമയത്ത് പിഴയടച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ അബൂബക്കർ ഇരിങ്ങണ്ണൂർ പറഞ്ഞു. ചില സാഹചര്യങ്ങളിൽ പിഴ അടച്ചതിന്റെ വിവരങ്ങൾ സിസ്റ്റത്തിൽ വന്നുകൊള്ളണമെന്നില്ല. അതിനാൽ പിഴയടച്ച രസീത് നിർബന്ധമായും കൈവശം കരുതണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സന്ദർശക വിസയിൽ ആളുകൾ കൂടുതലായി വരാൻ തുടങ്ങിയതും പരിശോധന വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. വിസിറ്റ് വിസയിലുള്ളവരെ ജോലിക്ക് നിർത്തിയാൽ സ്ഥാപന ഉടമയും തൊഴിലാളിയും നിയമനടപടി നേരിടേണ്ടിവരും.
വിസിറ്റ് വിസയിലുള്ള ഒരാൾക്ക് ഇവിടെ ജോലി ചെയ്യാൻ അനുവാദമില്ല. എൽ.എം.ആർ.എ വിസയിലേക്ക് മാറിയാൽ മാത്രമേ ജോലി ചെയ്യാൻ നിയമപരമായി അനുവാദം ലഭിക്കുകയുള്ളൂ.
ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ പ്രവർത്തനം തുടരുന്ന സ്ഥാപനങ്ങൾക്കും കടുത്ത നിയമനടപടി നേരിടേണ്ടിവരും. സമാനമായ സംഭവങ്ങൾ അടുത്തിടെ പിടികൂടിയ കാര്യവും സാമൂഹിക പ്രവർത്തകർ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.