മനാമ: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനും തീരുമാനം. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സർക്കാർ ആരോഗ്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യോഗത്തിൽ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസനും പങ്കെടുത്തു. ദേശീയ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യപുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് എസ്.സി.എച്ച് ചെയർമാൻ പറഞ്ഞു.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ നൽകണമെന്നത് പ്രഥമ പരിഗണനയാണ്. ആരോഗ്യപരിപാലനം സംബന്ധിച്ച അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളും യോഗം ചർച്ചചെയ്തു. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും ചർച്ചക്കു വിധേയമായി. റോയൽ മെഡിക്കൽ സർവിസസിന്റെ (ആർ.എം.എസ്) പുതിയ ആക്ടിങ് കമാൻഡർ, ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയുടെ പുതിയ ആക്ടിങ് കമാൻഡർ കേണൽ ഡോ. ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവർക്ക് യോഗം ആശംസനേർന്നു.
ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളെക്കുറിച്ച് ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വിശദമായ അവതരണം നടത്തി. ഇതിനായി ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ യോഗം അവലോകനം ചെയ്തു. ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് എല്ല ആരോഗ്യ സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി ബഹ്റൈൻ കൗൺസിൽ ഫോർ ഹെൽത്ത് സ്റ്റഡീസുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.