മനാമ: പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാൻ ബഹ്റൈനിൽ സന്ദർശനാർഥം എത്തി. വിമാനത്താവളത്തിൽ പാക് പ്രധാനമന്ത്രിയെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടർന്ന് സഖീര്‍ പാലസിൽ എത്തിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സ്വീകരിച്ചു. പാക് പ്രധാനമന്ത്രിയെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നും ഹമദ് രാജാവ് പറഞ്ഞു. ബഹ്റൈന്‍ ദേശീയ ദിനമാഘോഷിക്കുന്ന വേളയില്‍ ഇവിടെയെത്തിയതില്‍ ഏറെ സന്തോഷമുള്ളതായി ഇംറാൻ ഖാൻ പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും നേടി ഉത്തുംഗതയിലേക്ക് ബഹ്റൈനെ നയിക്കാന്‍ സാധിക്കട്ടെയെന്ന് ഇംറാന്‍ ഖാന് ആശംസിച്ചു.
പാകിസ്താനില്‍ നിന്നെത്തിയ മറ്റ് അതിഥികള്‍ക്കും ഹമദ് രാജാവ് ആശംസ നേര്‍ന്നു. പാകിസ്താനുമായി വിവിധ മേഖലകളില്‍ ബന്ധം സുദൃഢമാക്കാന്‍ ബഹ്റൈന്‍ താല്പര്യമുള്ളതായി ഹമദ് രാജാവ് പറഞ്ഞു. നിലവിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു. തനിക്കും സംഘത്തിനും നല്കിയ ഊഷ്മള സ്വീകരണത്തിന് ഇംറാന്‍ ഖാന് പ്രത്യേകം നന്ദി അറിയിച്ചു. അറബ്, ഇസ്ലാമിക പ്രശ്നങ്ങളില്‍ യോജിച്ച മുന്നേറ്റം സാധ്യമാക്കാന്‍ കഴിയുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.