ദോഹ: നാട്ടിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യയിൽനിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗൾഫ്രാജ്യങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതോടെ പ്രവാസികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയാണ്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ മടങ്ങിവരാനുള്ള അനുമതി ഖത്തർ നൽകിയിരുന്നു. റീ എൻട്രി പെർമിറ്റ് എടുത്തവർക്ക് ഖത്തറിലേക്ക് തിരിച്ചെത്താം. എന്നാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ നീട്ടിയതോടെ എങ്ങനെ മടങ്ങാനാകുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ. ഇതിനകം ഖത്തറിലേക്ക് മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യം സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് മടങ്ങാനാണ് അനുമതി ലഭിച്ചിരുന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കും അനുമതി ലഭിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻെറ മുൻൈകയിൽ വിവിധ നഴ്സിങ് സംഘടനകളുെട ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. ഖത്തറിലേക്ക് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിലാണ് ഇവർക്ക് മടങ്ങാനായത്. എന്നാൽ, സാധാരണ പ്രവാസികൾക്ക് മടങ്ങിയെത്താൻ ചാർട്ടേർഡ് വിമാനങ്ങൾ വേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ ആഗസ്റ്റ് ഒന്നിന് ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 കഴിഞ്ഞാലും നീട്ടാനുള്ള സാധ്യതയുമുണ്ട്. കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുക. കോവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്ന സ്ഥിതിയാണ്. ഖത്തർ അടക്കമുള്ള ഗൾഫ്രാജ്യങ്ങൾ വിസ കാലാവധി സംബന്ധിച്ച് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, പ്രവാസികളുടെ മടങ്ങിവരവിന് തങ്ങൾ അനുമതി നൽകിയ സ്ഥിതിക്ക് ഇനി അത്തരം ഇളവുകൾ ഗൾഫ്രാജ്യങ്ങൾ തുടരാൻ സാധ്യതയുമില്ല. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് മടങ്ങിവരാൻ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കേണ്ടിവരും. ഇത്തരം കരാർ വഴി വന്ദേഭാരത് മിഷൻ സംവിധാനമോ ചാർട്ടേഡ് വിമാന സംവിധാനമോ ഉണ്ടാക്കണം. നിലവിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് പ്രവാസികൾ മടങ്ങിയത് ഇത്തരം കരാർ അടിസ്ഥാനത്തിലാണ്. ചാർട്ടേഡ് വിമാന സർവിസുകൾ എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.
യാത്രക്കാരൻ കൂടുതൽ ചാർജ് നൽകേണ്ടിയും വരും. നാട്ടിലേക്ക് ഇത്തരം വിമാനങ്ങൾ നേരത്തേ ചാർട്ടർ ചെയ്തപ്പോൾ വിമാനക്കമ്പനികൾക്കും ഏജൻറുമാർക്കും വൻതുകയാണ് ലഭിച്ചത്. കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല, പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് വിമാനക്കമ്പനികൾ നൽകിയത്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ, വന്ദേ ഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യുന്നവർക്ക് വീണ്ടും ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്.മടങ്ങിവരാനുള്ള അനുമതി ഗൾഫ്രാജ്യങ്ങൾ നൽകിയതോടെ പ്രവാസികൾ തിരിച്ചെത്തിയില്ലെങ്കിൽ മലയാളികളടക്കമുള്ളവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ കോവിഡ് പ്രതിസന്ധിയിൽ വിവിധ കമ്പനികളും ഇളവുനൽകിയിരുന്നു. ഇന്ത്യക്കാരുടെ മടക്കം ൈവകിയാൽ അവരുടെ തൊഴിൽ ഒഴിവുകളിൽ മറ്റു രാജ്യക്കാർ കയറാനും സാധ്യത ഏറെയാണ്.
ഇന്ത്യ വിമാനങ്ങൾ അയക്കണം; ഗപാഖ് നിവേദനം നൽകി
ദോഹ: വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനായി തിരിച്ചുവരാനുള്ള അനുമതി അതത് രാജ്യങ്ങൾ നൽകിയ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള സാധാരണ നിലയിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ സഹമന്ത്രി, നോർക സി.ഇ.ഒ എന്നിവർക്ക് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ ( ഗപാഖ്) നിവേദനം നൽകി. നിലവിൽ നിർത്തിവെച്ച വിമാന സർവിസ് ആഗസ്റ്റ് 31 വരെ ഇന്ത്യ നീട്ടിയത് പ്രവാസികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിമാനയാത്ര സാധ്യമാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ആവശ്യമായ ഉടമ്പടികൾ ഉണ്ടാക്കാനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മിതമായ നിരക്കിൽ പ്രവാസികൾക്ക് തിരികെ വരാൻ കേന്ദ്ര സർക്കാർ വന്ദേ ഭാരത് മിഷൻ സംവിധാനങ്ങൾ പോലുള്ളവ നടത്തണം. കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല. തിരികെ വരുന്നവർക്ക് ടിക്കറ്റ് റീഫണ്ട് അനുവദിക്കുകയോ, നേരത്തേ എടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാനുള്ള അനുമതി ലഭ്യമാക്കുകയോ വേണം. പ്രസിഡൻറ് കെ.കെ ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അർളയിൽ അഹമ്മദ് കുട്ടി, ഗഫൂർ കോഴിക്കോട്, അമീൻ കൊടിയത്തൂർ, ശാനവാസ് ബേപ്പൂർ, അബ്ദുൽ ലത്തീഫ് ഫറോക്ക്, പി.പി. സുബൈർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.