മനാമ: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയം ആഘോഷമാക്കി പ്രവാസികൾ. ചൊവ്വാഴ്ച രാവിലെയോടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയത് മുതൽ ആരംഭിച്ച ആഘോഷങ്ങൾ രാത്രിയിൽ സജീവമായി. മധുരം പങ്കുവെച്ചും കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും വിവിധ സംഘടനകൾ ആഘോഷം നടത്തി.
മനാമ സെൻട്രൽ മാർക്കറ്റ്, സൂഖ് എന്നിവിടങ്ങളിലും സംഘടന ആസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടന്നു. ചർച്ചകളും വിലയിരുത്തലുകളുമായി സമൂഹമാധ്യമക്കൂട്ടായ്മകളും സജീവമാണ്.
ബഹുസ്വരതയെ മാറോടണച്ച ഇന്ത്യൻ ജനതയുടെ വിധി-കെ.എം.സി.സി
മനാമ: ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ.എം.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് വിധി പകരുന്നത്. വോട്ടർമാർ വിവേകത്തോടെ സമീപിച്ച തെരഞ്ഞെടുപ്പ് വിധി വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യയുടെ ഹൃദയഭൂമിയിലെ വിധിയെ മാത്രം പഠനങ്ങൾക്ക് വിധേയമാക്കുമ്പോൾ ഇന്ത്യക്കൊരിക്കലും വർഗീയമാവാനോ ഹിന്ദുത്വവത്കരിക്കാനോ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുന്ന ഈ വിധി ഓരോ ഇന്ത്യക്കാരനും വലിയ ആശ്വാസമാണ് പ്രതിഫലിക്കുന്നത്.ജനവിരുദ്ധ നയങ്ങളും ധാർഷ്ട്യവും കൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന കേരള ഗവൺമെന്റിനും ഈ വിധിയിൽ നിന്നും പാഠം പഠിക്കാനുണ്ടെന്നും കെ.എം.സി.സി അഭിപ്രായപ്പെട്ടു.
വിജയത്തിന് പിന്നിൽ പ്രവാസി സമൂഹവും - ഒ.ഐ.സി.സി
മനാമ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യമുന്നണിക്കുണ്ടായ മഹത്തായ വിജയം പ്രവാസി സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണകൂടി കൊണ്ടാണെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അഭിപ്രായപെട്ടു. തെരഞ്ഞെടുപ്പിൽ നേരിട്ടെത്തി വോട്ട് ചെയ്ത ഐക്യമുന്നണിയുടെ പ്രവാസി സംഘടനകളായ ഒ.ഐ.സി.സി, കെ.എം.സി.സിയുടെയും നിരവധി നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു. കൂടാതെ നാട്ടിലുള്ള ആളുകളെ നേരിട്ട് വിളിച്ചു, രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ ഐക്യമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥന നടത്തിയ അനേകായിരം ആളുകൾ പ്രവാസ ലോകത്തുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം - രാജു കല്ലുംപുറം
മനാമ: രാജ്യത്ത് ഇൻഡ്യ മുന്നണി നേടിയ വിജയം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ വിഭജിക്കാനും അതുവഴി തങ്ങളുടെ മുന്നണി വീണ്ടും അധികാരത്തിൽ വരാനുമുള്ള നടപടികൾക്കാണ് ബി.ജെ.പി ശ്രമിച്ചത്. മതേതരത്വത്തെയും ജനാധിപത്യത്തെയും ജീവവായു ആയി കാണുന്ന ഇന്ത്യയിലെ ജനങ്ങൾ വർഗീയതയെ ഇല്ലായ്മ ചെയ്യാനാണ് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിച്ചതെന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
കെ. മുരളീധരൻ ഫീനിക്സ് പക്ഷിയെപോലെ തിരികെ വരും -ബഷീർ അമ്പലായി
മനാമ: കെ. മുരളീധരന്റെ തൃശൂരിലെ പരാജയം വർഗീയതയുടെ വിജയമാണെന്നും അദ്ദേഹം ഫീനിക്സ് പക്ഷിയെപോലെ തിരികെ വരുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. പ്രതിസന്ധികളിൽ കോൺഗ്രസുകാരന്റെ ആത്മാഭിമാനം സംരക്ഷിക്കാനാണ് അദ്ദേഹം സ്ഥാനാർഥിയായത്.
തന്റെ തോൽവിയല്ല, മറിച്ച് വർഗീയത വിജയിച്ചതാണ് തന്റെ വേദനയെന്നാണ് അദ്ദേഹം പറഞ്ഞത്. കിരീടവും ചെങ്കോലും ഇല്ലെങ്കിലും അദ്ദേഹത്തിനൊപ്പം അണികൾ അടിയുറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെട്ട ദിവസം - ബിനു കുന്നന്താനം
മനാമ: ഇന്ത്യയിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
നാന്നൂറിലധികം സീറ്റിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അങ്ങനെ വിജയിച്ചാൽ ഇന്ത്യൻ ഭരണഘടന തിരുത്തിയെഴുതി രാജ്യത്ത് ബി.ജെ.പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിജയാഘോഷം
ജനാധിപത്യത്തിന്റെ വിജയം
മനാമ: ജനാധിപത്യ സംവിധാനം ശക്തമായി നിലനിൽക്കുന്നിടത്തോളം കാലം ആരും ജനങ്ങൾക്ക് മീതെയല്ലെന്നതാണ് ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം തെളിയിക്കുന്നതെന്ന് ബഹ്റൈൻ ഒ.എൻ.സി.പി പ്രസിഡന്റ് എഫ്.എം ഫൈസൽ.
വർഗീയതയും അശാന്തിയും ഇന്ത്യൻ ജനത അധികകാലം വെച്ചുപൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണ് ഇൻഡ്യ മുന്നണി നടത്തിയ മുന്നേറ്റമെന്നും ഇന്ത്യ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായും വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.