മനാമ: ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഭാഷാവൈദഗ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർഥികൾക്കായി ഘട്ടം ഘട്ടമായി വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർഥികൾ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ വേഷവിധാനങ്ങളിൽ സാഹിത്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾ കവിതാപാരായണം നടത്തി. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ ഷേക്സ്പിയറുടെ കൃതിയെ ആസ്പദമാക്കി ലഘുനാടകം അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ സമ്മാനദാന ചടങ്ങിൽ അനുമോദിച്ചു. വകുപ്പ് മേധാവി ജി.ടി. മണി പരിപാടി ഏകോപിപ്പിച്ചു. വിദ്യാർഥികളായ ഷാൻ ഡി. ലൂയിസ് സ്വാഗതവും എലിസബത്ത് ബോബി തോമസ് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർഥനയും വിഡിയോ പ്രദർശനവും നടന്നു. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യവും അതിന്റെ സമ്പന്നമായ സാഹിത്യ പൈതൃകവും വിദ്യാർഥികളുടെ ഭാഷാവൈദഗ്ധ്യവും സർഗാത്മകതയും പരിപാടികളിൽ പ്രകടമായിരുന്നു.
ഇംഗ്ലീഷ് ദിനാചരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.