മനാമ: പഞ്ചാബി ഭാഷ വകുപ്പ് സംഘടിപ്പിച്ച ഊർജസ്വലമായ സാംസ്കാരിക പരിപാടികളോടെ ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്കാരത്തിന്റെയും മികവുറ്റ പ്രദർശനമായിരുന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ചടങ്ങിന് ദീപം തെളിയിച്ചു. സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.
വകുപ്പ് മേധാവി ബാബു ഖാൻ, പഞ്ചാബി ഭാഷ അധ്യാപിക സിമർജിത് കൗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം. ഹർഷ്ദീപ് സിങ് സ്വാഗത പ്രസംഗം നിർവഹിച്ചു. കിരൺപ്രീത് കൗർ പഞ്ചാബി ഭാഷക്ക് ആമുഖം അവതരിപ്പിച്ചു. സ്കൂൾ പ്രാർഥനക്കു ശേഷം ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. റെഹാൻ ഷബാസ് ശൈഖ് വിശുദ്ധ ഖുർആനും അമൃത് കൗർ ഗുരു ഗ്രന്ഥ് സാഹിബും പാരായണം ചെയ്തു. രമൺകുമാർ, നവജ്യോത് സിങ്, ഇക്രാസ് സിങ്, അഭിജോത് സിങ്, ജഗ്ജോത് സിങ്, മനീന്ദർ സിങ് എന്നിവർ പ്രാർഥന നടത്തി. അമൃത് കൗറാണ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്.
വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ട ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഈ ദിനം. പരമ്പരാഗത പഞ്ചാബി ഗിദ്ദ, ഭാൻഗ്ര നൃത്തങ്ങൾ എന്നിവയോടൊപ്പം സാംസ്കാരിക പ്രകടനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. പഞ്ചാബി നാടൻ പാട്ടുകളും കവിത പാരായണങ്ങളും പരിപാടിക്ക് കൂടുതൽ ആകർഷണം നൽകി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി എന്നിവർ ജേതാക്കളെയും മികച്ച നിലയിൽ പരിപാടി ഒരുക്കിയ അധ്യാപകരെയും അഭിനന്ദിച്ചു.
സംഘാടക സംഘത്തിൽ ശ്രീലത നായർ, കഹ്കഷൻ ഖാൻ, മഹനാസ് ഖാൻ, മാലാ സിങ്, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സ്മിത ഹെൽവത്കർ, വന്ദന സിയാൻ, അപർണ സിങ്, മന്ദീപ മൊണ്ഡൽ, യോഗീത ശ്രീവാസ്തവ, ജൂലി വിവേക് എന്നിവരും ഉണ്ടായിരുന്നു. രാമൻ കുമാർ, പങ്കജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഗീത പരിപാടികൾ അവതരിപ്പിച്ചു.
• ചിത്രം തിരിച്ചറിയൽ: 1. സുഖ്ബീർ സിങ് (IV-T), 2. ഷെലിക റാണി (IV-V), 3. ലവ്പ്രീത് കൗർ (IV-Q).
• പോസ്റ്റർ നിർമാണം: 1. ശിവ് കുമാർ (V-I), 2. സമർ സുമൻ (V-K), 3. ഗുർസിരത് കൗർ (V-G).
• കഥ പറയൽ: 1. പ്രഭ്ജോത് കൗർ (VI-I), 2. ബരുൺ കുമാർ (VI-I), 3. ഖുഷ്പ്രീത് കൗർ (VI-K).
• പഞ്ചാബി കവിതാ പാരായണം:1. ജഗ്ജോത് സിങ് (VII-I),2. ഭൂപീന്ദർ കൗർ (VII-J),3. അർഷ് വീർ കൗർ (VII-J).
• ഉപന്യാസ രചന: 1. ഖുഷ്മീൻ കൗർ (VIII-J), 2. ഹർനീത് കൗർ (VIII-I), 3. ഗുർലീൻ കൗർ (VIII-K).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.