മനാമ: ഇന്ത്യൻ സ്കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമിക്കുന്നതിനും നിർദിഷ്ട ടോയ്ലറ്റ് ബ്ലോക്കിന്റെ സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് ഇന്ത്യൻ സ്കൂൾ അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു.
അംഗീകാരത്തെത്തുടർന്ന് ഇന്ത്യൻ സ്കൂൾ കാര്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുങ്ങുകയാണ്. പുതിയ ടോയ്ലറ്റ് ബ്ലോക്ക് ആർ.പി ബ്ലോക്കിനും നേതാജി ബ്ലോക്കിനുമിടയിലായിരിക്കും സ്ഥാപിക്കുക. രണ്ട് നിലകളിലായി ഏകദേശം 80 ടോയ്ലറ്റുകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പുതിയ ബ്ലോക്ക് നിർമിക്കാനുള്ള തീരുമാനത്തെ തുടർന്ന് നിർദിഷ്ട സൈറ്റിലെ പോർട്ട കാബിനുകൾ മാറ്റി സ്ഥാപിക്കും.
അറബിക്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പഠനപ്രവർത്തനങ്ങൾക്കുള്ള മുറികൾ ഉൾപ്പെടെയുള്ള പോർട്ട കാബിനുകൾ പഴയ അഡ്മിൻ ബ്ലോക്കിനും നെഹ്റു ബ്ലോക്കിനും ഇടയിലുള്ള പുതിയ സ്ഥലത്തേക്ക് മാറ്റും. സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ സാധ്യമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. പുതിയ ടോയ്ലറ്റ് സൗകര്യങ്ങളുടെ നിർമാണത്തിന് പുറമെ, റിഫ കാമ്പസിലെ വാട്ടർപ്രൂഫിങ് ജോലികൾക്കുള്ള സാമ്പത്തിക അനുമതിയെന്ന രണ്ടാമത്തെ അജണ്ടക്കും യോഗം അംഗീകാരം നൽകി. 10 വർഷത്തെ ഗാരന്റിയോടെ ഒരു അംഗീകൃത കൺസൽട്ടന്റിന്റെ മേൽനോട്ടത്തിലുള്ള ഈ അറ്റകുറ്റപ്പണി പൂർത്തിയാക്കി സോളാർ പാനൽ സിസ്റ്റം സ്ഥാപിക്കും. ജഷൻമൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലെ രണ്ടു അജണ്ടകളും വിശദമായി ചർച്ചചെയ്തു.
ഇസ ടൗൺ കാമ്പസിൽ പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ നിർമിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നിർദിഷ്ട സ്ഥലത്ത് നിന്ന് മാറ്റുന്നതിനുമുള്ള ആദ്യ അജണ്ടയും റിഫ കാമ്പസിലെ വാട്ടർപ്രൂഫിങ് ജോലികൾക്കുള്ള സാമ്പത്തിക അനുമതിയെന്ന രണ്ടാമത്തെ അജണ്ടയും രക്ഷിതാക്കളും സ്കൂൾ അധികൃതരും ഏകകണ്ഠമായി അംഗീകരിച്ചു.
ബജറ്റ് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ രണ്ട് നിർദേശങ്ങളും സ്കൂൾ വെബ്സൈറ്റിലൂടെ തുറന്ന ടെൻഡറിന് പോകും. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.