മനാമ: ഇന്ത്യൻ സ്കൂളിൽ 2024-2025 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്ടോറിയൽ കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അക്കാദമിക ചുമതല വഹിക്കുന്ന അസി.
സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐ.ടി), പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ എയിലേക്ക് യഥാക്രമം ഹെഡ്ബോയ് ഷാൻ ഡയമണ്ട് ലൂയിസും ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബുവും നിയമിതരായി. ഒമ്പതും പത്തും ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ ബി യിൽ ഹെഡ് ബോയ് ജോയൽ ഷൈജുവും ഹെഡ് ഗേൾ ഇവാന റേച്ചൽ ബിനുവും സ്ഥാനമേറ്റു.
ആറു മുതൽ എട്ടുവരെ ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ സി യിൽ മുഹമ്മദ് അദ്നാനും ശ്രിയ സുരേഷും യഥാക്രമം ഹെഡ് ബോയായും ഹെഡ് ഗേളായും നിയോഗിക്കപ്പെട്ടു. നാലും അഞ്ചും ക്ലാസുകൾ ഉൾപ്പെടുന്ന ഡി ലെവലിൽ ആൽവിൻ കുഞ്ഞിപറമ്പത്ത്, ശ്രീലക്ഷ്മി ഗായത്രി രാജീവ് എന്നിവർ യഥാക്രമം ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നിവരായി സ്ഥാനമേറ്റു.
കൂടിക്കാഴ്ചയിൽ പ്രകടമായ സംഘടന വൈദഗ്ധ്യവും നേതൃപാടവവും അടിസ്ഥാനമാക്കിയാണ് ഈ വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് കൗൺസിൽ അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഒരുമയോടെ ഉയർത്തിപ്പിടിക്കാൻ അഭ്യർഥിച്ചു.
സ്കൂൾ പ്രവർത്തനങ്ങളിലൂടെയും സേവന പദ്ധതികളിലൂടെയും നേതൃപരമായ കഴിവുകൾ പരിപോഷിപ്പിക്കണമെന്ന് സെക്രട്ടറി വി. രാജപാണ്ഡ്യൻ പറഞ്ഞു. വിദ്യാർഥികൾ നേതൃപാടവവും സേവന മനോഭാവവും വളർത്തണമെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
തങ്ങളുടെ നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കി കൂട്ടായ പരിശ്രമത്തിലൂടെ സ്കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നും പ്രിഫെക്ടോറിയൽ കൗൺസിൽ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടും ഹൃദയം നിറയെ പ്രതീക്ഷയോടും ഏറ്റെടുക്കുന്നതായും ഹെഡ് ബോയ് ഷാനും ഹെഡ് ഗേൾ അബിഗെയിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.