മനാമ: ഇന്ത്യൻ സ്കൂൾ ഫുട്ബാൾ ടീം കേരളത്തിൽ നടന്നു വരുന്ന സി.ബി.എസ്.ഇ ദേശീയ മത്സരങ്ങളിൽ പ്രീക്വാർട്ടറിൽ ഇടംനേടി. ഗ്രൂപ് ഡിയിൽ ലീഗിലെ മികച്ച 16 ടീമുകൾക്കിടയിൽ മത്സരിക്കാനുള്ള അർഹത നേടി. ഇന്ത്യയിലുടനീളവും ഗൾഫിൽ നിന്നുമുള്ള മൊത്തം 41 സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.
സെൻട്രൽ ഹിന്ദു ബോയ്സ് സ്കൂൾ വാരാണസി, ഔവർ ഓൺ ഹൈസ്കൂൾ, അൽ വർഖ; തക്ഷശില അക്കാദമി, ഉത്തർപ്രദേശ്; നാസിക് കേംബ്രിഡ്ജ് സ്കൂൾ, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യൻ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ സെൻട്രൽ ഹിന്ദു ബോയ്സ് സ്കൂളിനെതിരെ ഇന്ത്യൻ സ്കൂൾ 3-1ന്റെ ഉജ്ജ്വല വിജയം നേടി. ജെറമിയ രണ്ടുതവണ വലകുലുക്കി, ഹഫീസ് ഒരു ഗോളിന്റെ സംഭാവന നൽകി.
രണ്ടാം മത്സരത്തിൽ ഹഫീസിന്റെ ഇരട്ടഗോളിലും അമ്മറിന്റെ ഗോളിലും ഔവർ ഓൺ ഹൈസ്കൂളിനെതിരെ 3-1 എന്ന സ്കോറിന് വിജയം നേടി. തക്ഷശില അക്കാദമിക്കെതിരായ മൂന്നാം മത്സരത്തിൽ 1-0നു തോൽവി വഴങ്ങിയെങ്കിലും, നാസിക് കേംബ്രിഡ്ജ് സ്കൂളിനെതിരായ നാലാം മത്സരത്തിൽ ഇന്ത്യൻ സ്കൂൾ ശക്തമായി തിരിച്ചുവന്നു, 6-0ത്തിന് ആധിപത്യം നേടി.
ഹാട്രിക്കോടെ ഹഫീസ് ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ ഗാവ്റിലും ബെനോയും ജെറമിയയും ഓരോ ഗോൾ വീതം നേടി. പ്രീക്വാർട്ടറിൽ കടന്ന സ്കൂൾ ടീമിനെ ഐ.എസ്.ബി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗം സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.