മനാമ: വർഷംതോറും സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതായി തൊഴിൽ, സാമൂഹികക്ഷേമമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.
യൂനിവേഴ്സിറ്റികളിൽനിന്നും ബിരുദ പഠനം പൂർത്തിയാക്കിയവരും സെക്കൻഡറി കോഴ്സ് പൂർത്തീകരിച്ചവരും സർക്കാറിന് മുന്നിൽ തൊഴിലിനായി ഓരോ വർഷവും എത്തിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലടക്കം ഇവരെ വിന്യസിച്ചാലേ തൊഴിലില്ലായ്മ നിരക്ക് പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ.
സർക്കാറിതര സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നതിന് സ്വദേശികൾക്ക് ആഗ്രഹം കുറവാണ്. അവരെ അതിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 11,000 ത്തിലധികം സ്വദേശികൾ തൊഴിലിനായി സിവിൽ സർവിസ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഷംതോറും 2,000 ത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതായും മന്ത്രി പറഞ്ഞു.
ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ നിന്നുമാത്രം വർഷം തോറും 2,000 ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ദേശീയ തൊഴിൽദാന പദ്ധതി പ്രകാരം ആഗസ്റ്റ് വരെ 17,000 തൊഴിലന്വേഷകരെ വിവിധ മേഖലകളിൽ വിന്യസിക്കാൻ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
വർഷം തോറുമുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലന്വേഷകരുടെ വർധന തൊഴിൽ വിപണിയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.