മനാമ: അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നത് തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഊർജ മേഖലയിൽ പുതിയ പദ്ധതികൾ തുടങ്ങുന്നതിനും പരിഗണന നൽകും. കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകാനും ആദരിക്കാനും അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാനുമുള്ള ഹമദ് രാജാവിെൻറ തീരുമാനത്തെ കാബിനറ്റ് അഭിനന്ദിച്ചു.
കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നതിൽ കാബിനറ്റ് സന്തോഷം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ജനങ്ങളിൽ 69.4 ശതമാനം പേർക്കും വാക്സിൻ നൽകാൻ സാധിച്ചതും നേട്ടമാണ്. വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിനുള്ള അവബോധം ജനങ്ങളിൽ ശക്തമാകുന്നതായും വിലയിരുത്തി. ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ ബ്രിട്ടൺ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ ഉപകരിക്കുമെന്നും വിലയിരുത്തി. കോവിഡ് മഹാമാരിക്കിടയിലും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മന്ത്രിസഭ അനുമോദിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ കൂട്ടായ ശ്രമമാണ് വിജയത്തിന് നിദാനം.
സുസ്ഥിര വികസന ആവശ്യങ്ങളനുസരിച്ച് അടിസ്ഥാന സൗകര്യ വികസനം, ഊർജം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കാബിനറ്റ് തീരുമാനിച്ചു. അൽദോർ 2 ജല, ഊർജ ഉൽപാദന കേന്ദ്രം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ധനകാര്യ-അഡ്മിനിസ്ട്രേഷൻ ഓഡിറ്റ് സമിതി തയാറാക്കിയ റിപ്പോർട്ടനുസരിച്ച് വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉപപ്രധാനമന്ത്രി നിർദേശിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം, തൊഴിൽ- സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം എന്നിവയുടെ പ്രവർത്തനങ്ങളിൽ കണ്ടെത്തിയ പിഴവുകൾ തിരുത്താനും നിയമ ലംഘനങ്ങൾ പബ്ലിക്ക് പ്രോസിക്യൂഷന് വിടാനും തീരുമാനിച്ചു. നിയമ നടപടികളിൽ വിവിധ വിഭാഗങ്ങളുമായി മന്ത്രാലയങ്ങൾ സഹകരിക്കണമെന്നും നിർദേശിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.