മനാമ: റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽസ് (ആർ.എം.സി.ജി.എഫ്) 2023ന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) വേദിയാകും. ഡിസംബർ രണ്ടു മുതൽ ഒമ്പതു വരെയാണ് ആർ.എം.സി.ജി.എഫ് 2023. രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആർ.എം.സി.ജി.എഫ് സഖീറിലെ ബി.ഐ.സിയിലേക്ക് വരുന്നത്.
60 രാജ്യങ്ങളിൽനിന്നുള്ള 400ലധികം കാർട്ടർമാർമാരാണ് 2021 പതിപ്പിൽ മത്സരിച്ചത്. ബഹ്റൈൻ ഇന്റർനാഷനൽ കാർട്ടിങ് സർക്യൂട്ടിന്റെ (ബി.ഐ.കെ.സി) 1.414 കിലോമീറ്റർ ട്രാക്ക് ആഗോളതലത്തിൽ ഒരിക്കൽകൂടി ശ്രദ്ധിക്കപ്പെടാൻ പോകുകയാണ്. പകൽവെളിച്ചത്തിലും രാത്രി ഫ്ലഡ് ലിറ്റിനു കീഴിലും മത്സരം നടക്കും.
മൈക്രോ മാക്സ്, മിനി മാക്സ്, ജൂനിയർ മാക്സ്, സീനിയർ മാക്സ്, മാക്സ് ഡിഡി2, മാക്സ് ഡിഡി2 മാസ്റ്റേഴ്സ്, ഇ20 സീനിയർ, ഇ20 സീനിയർ മാസ്റ്റേഴ്സ് എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
ആഗോളവേദിയിലെ ഏറ്റവും അഭിമാനകരമായ കാർട്ടിങ് ഇവന്റുകളിൽ ഒന്നായ റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനലിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു. 2021ലെ ഇവന്റ് വൻ വിജയമായിരുന്നു.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് യുവാക്കളും റേസിങ് ഡ്രൈവർമാരും അവരുടെ അസാമാന്യ കഴിവുകൾ ഇവിടെ പ്രദർശിപ്പിച്ചു. മോട്ടോർസ്പോർട്ടിന്റെ സൂപ്പർതാരങ്ങളെ വീണ്ടും സ്വാഗതംചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമീഷൻ ഇന്റർനാഷനൽ ഡി കാർട്ടിങ്-ഫെഡറേഷൻ ഇന്റർനാഷനൽ ഡി.എൽ ഓട്ടോമൊബൈൽ (CIK-FIA) എന്ന ആഗോള കാർട്ടിങ്ങിന്റെ ഗവേണിങ് ബോഡി നിഷ്കർഷിക്കുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ബി.ഐ.കെ.സി രൂപകൽപന ചെയ്തിരിക്കുന്നത്. 2012ൽ ഉദ്ഘാടനം ചെയ്തതു മുതൽ മോട്ടോർസ്പോർട്ടിലെ ഏറ്റവും വലിയ ഇവന്റുകൾക്ക് വേദിയാണ്. രാത്രി ലോക ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ കാർട്ടിങ് സർക്യൂട്ടാണ് ഇത്.
ബി.ഐ.കെ.സിയുടെ 1.414 കി.മീ. CIK-FIA ട്രാക്കിൽ 14 തിരിവുകളുണ്ട്. ഇത് കാണികൾക്ക് ആവേശകരമായ മത്സരം കാണാനുള്ള അവസരം നൽകുന്നു.
കാർട്ടിങ്ങിനെക്കുറിച്ച കൂടുതൽ വിവരങ്ങൾക്ക് www.bahraingp.com സന്ദർശിക്കുക. ഇ-മെയിൽ: karting@bic.com.bh ഫോൺ: +973-1745-1745.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.