അന്താരാഷ്​ട്ര ഖുര്‍ആന്‍ മത്സരം: ബഹ്‌റൈന് വിജയം

മനാമ:കുവൈത്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള മുഹന്ന അഹ്മദ് അസ്സീസി അല്‍ബൂഎൈനൈന് ഒന്നാം സ്ഥാനം. ഖുര്‍ആന്‍ മന:പ്പാഠ മത്സര വിഭാഗത്തിലാണ് മുഹന്നക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഖുര്‍ആന്‍ മത്സരങ്ങളിൽ ബഹ്‌റൈന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ സ്ഥാനങ്ങൾ നേടാനായിട്ടുണ്ടെന്ന് മുഹന്നയെ സ്വീകരിക്കവെ, നീതിന്യായ-ഇസ്‌ലാമിക കാര്യ -ഔഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് പറഞ്ഞു. സന്തുലിത ഖുര്‍ആനിക വീക്ഷണമുള്‍ക്കൊള്ളുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് ഹോളി ഖുര്‍ആന്‍  ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന എല്ലാ ഖുര്‍ആന്‍ മത്സരങ്ങളിലും ബഹ്‌റൈന്‍ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായാണ് മന്ത്രാലയം മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ നടന്ന മത്സരങ്ങളില്‍ പാരായണ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് സമീര്‍ മുജാഹിദിനെയും ആദരിച്ചു. ഉന്നത വിജയം നേടിയവർ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹില്‍ നിന്ന് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചിരുന്നു. സ്വീകരണ പരിപാടിയിൽ  മന്ത്രാലയത്തിലെ ഖുര്‍ആന്‍ പ്രോഗ്രാം ഡയറക്ടര്‍ ശൈഖ് അഹ്മദ് സാലിഹ് ബൂഷെല്‍ഫ്, ഖുര്‍ആന്‍ പണ്ഡിതൻ ഹുസൈന്‍ അത്തുലൈഹി എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - International, Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.