മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി ബഹ്റൈൻ) 2024 -2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും വിവിധ കലാപരിപാടികളോടുകൂടി 26ന് സൽമാനിയ ബി.എം.സി ഗ്ലോബൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓരോ വർഷവും കമ്മിറ്റികൾ മാറിക്കൊണ്ടിരിക്കുന്ന സംഘടന ഭരണ സംവിധാനമാണ് ഐ.വൈ.സി.സി പിന്തുടരുന്നത്. 11 വർഷക്കാലമായി ബഹ്റൈനിലും നാട്ടിലും ജീവകാരുണ്യം, വിദ്യാഭ്യാസം, കല, കായിക, ജനക്ഷേമ, രാഷ്ട്രീയ പ്രവർത്തനങ്ങളുമായി പൊതുമണ്ഡലത്തിൽ മുന്നോട്ടു പോകുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്റൈൻ.
അമ്മക്കൊരു കൈനീട്ടം, ലാൽസൺ മെമ്മോറിയൽ ഭവന പദ്ധതി, മൗലാന അബ്ദുൽ കലാം ആസാദ് സ്കോളർഷിപ് പദ്ധതി, വിദ്യാനിധി ലാൽസൺ മെമ്മോറിയൽ സ്കോളർഷിപ് പദ്ധതി, മെഡി ഹെൽപ്, ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി അവാർഡ്, രക്തദാന സന്നദ്ധ സേവനങ്ങൾ, അർഹതയുള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകൽ, വിഷ്ണു മെമ്മോറിയൽ സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങിയവ അതിൽ ചിലതാണ്.
ഐ.വൈ.സി.സി ബഹ്റൈൻ ജോബ് സെൽ, ഹെൽപ് ഡെസ്ക്, ഉമ്മൻ ചാണ്ടി സ്മാരക ഓൺലൈൻ കോൺഗ്രസ് പാഠശാല, യൂത്ത് ഫെസ്റ്റ്, വനിത വേദി, പ്രസംഗ പരിശീലനം, നിറക്കൂട്ട്, കലാവേദി, സ്പോർട്സ് വിങ്ങിന് കീഴിൽ ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, വടംവലി, ചെസ് ടൂർണമെന്റ് തുടങ്ങി പല പ്രവർത്തനങ്ങളുമായി 2013 മുതൽ ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്നു.
സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന സംഘടന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് ‘ഏക് സാത്ത്’ എന്ന പേരിൽ ലാൽ ബഹദൂർ ശാസ്ത്രി നഗറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.