മനാമ: പി.വി. അൻവർ എം.എൽ.എയുടെ ഗുരുതരമായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും തലക്കടക്കം ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധിച്ചു.
ഭരണപക്ഷ പ്രതിനിധിയായിട്ട് പോലും അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ ശരിയായ അന്വേഷണം നടത്താതെ ആരോപണം നേരിടുന്നവരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണ് അജിത് കുമാർ ഐ.പി.എസിനു കീഴിലുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ ചുമതല ഏൽപിച്ചത്.
ഇത് എ.ഡി.ജി.പിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്നും ഐ.വൈ.സി.സി കുറ്റപ്പെടുത്തി. തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്നതും ആർ.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുകൂടിയാണ് അജിത് കുമാർ എന്ന് ഭരണകക്ഷി എം.എൽ.എ തന്നെ വെളിപ്പെടുത്തിയ ഗുരുതര സ്ഥിതിവിശേഷം നിലനിൽക്കെയാണ് തൽസ്ഥാനത്തുനിന്ന് ആളെ മാറ്റാതെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.
നീതിപൂർവമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.