മനാമ: ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ജയശങ്കർ എം. രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിടുന്നു. നാടകം, ഹ്രസ്വചിത്രം, റേഡിയോ നാടകം എന്നിവയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.
2000ൽ സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തിയ ജയശങ്കർ ഇന്റർകോൾ, മുഹമ്മദ് ഫക്രൂ, അഷ്റഫ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്തു. ഏറ്റവും ഒടുവിൽ എൽ.ഐ.സി ഇന്റർനാഷനലിന്റെ കീഴിൽ ഏജന്റായും പ്രവർത്തിച്ചു.
അർപ്പണ മനോഭാവമുള്ള ജീവനക്കാരനായി തുടരുമ്പോഴും നാടകങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നു. സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ നാടകത്തിൽ അഭിനയിച്ച ജയശങ്കർ പ്രവാസലോകത്തും തന്റെ നാടക സപര്യ തുടർന്നു.
2007ൽ പ്രകാശ് വടകര സംവിധാനം ചെയ്ത 'ആതിര നിലവാ'ണ് ബഹ്റൈനിലെ ആദ്യ നാടകം. സമാജത്തിൽ ഈ നാടകം മൂന്നു ദിവസം തുടർച്ചയായി അവതരിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ എന്നിവക്കുവേണ്ടിയുള്ള നാടകങ്ങളിലാണ് അഭിനയിച്ചതെല്ലാം.
2016ൽ കേരള സംഗീത നാടക അക്കാദമി ജി.സി.സി തലത്തിൽ നടത്തിയ നാടക മത്സരത്തിലും 2018ൽ കേരളീയ സമാജം നടത്തിയ പ്രഫ. നരേന്ദ്ര പ്രസാദ് നാടക മത്സരത്തിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനകം 22 നാടകങ്ങളിൽ അഭിനയിച്ചു.
ആറ് റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയ ജയശങ്കർ ഏഴ് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. ഡിസംബറിൽ പുറത്തിറങ്ങിയ 'അധ്യായം 18 വാക്യം ഒമ്പത്' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിന് പുറമെ, മൂന്ന് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഇന്റർകോളിൽ ജോലി ചെയ്യുന്ന സന്ധ്യയാണ് ഭാര്യ. ഏകമകൾ നന്ദിത മേനോൻ നാട്ടിൽ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.