1998 അവസാനത്തിൽ ആണ് ഞാൻ പ്രവാസം തിരഞ്ഞെടുക്കുന്നത്. ദുബൈ ആയിരുന്നു ആദ്യത്തെ പരീക്ഷണ ശാല. ഒരു ദിവസം അന്നത്തെ മാധ്യമം പത്രാധിപർ വി.കെ. ഹംസ അബ്ബാസ് ദുബൈയിലെ സാമൂഹിക പ്രവർത്തകരും മാധ്യമം വായനക്കാരുമായി സംവദിക്കാൻ എത്തിയിരുന്നു. ബംഗളൂരുവിൽ നിന്ന് അന്ന് പ്രസിദ്ധീകരിച്ചിരുന്ന MEANTIME ഇംഗ്ലീഷ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എനിക്കും കിട്ടി ക്ഷണം. (ഞങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ ഡയറക്ടർ കൂടി ആയിരുന്നു അദ്ദേഹം)
മാറുന്ന കാലത്ത് പ്രിന്റ് മീഡിയ നേരിടുന്ന വെല്ലിവിളകൾ സവിസ്തരം പ്രതിപാദിച്ച അദ്ദേഹം നാട്ടിൽ നിന്ന് ഒരു പ്രസിദ്ധീകരണം അച്ചടിച്ച് ഗൾഫിൽ എത്തിക്കുമ്പോഴുള്ള പ്രയാസങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു. സമയ നഷ്ടം തന്നെ മുഖ്യം. പത്രം കേരളത്തിൽ നിന്ന് അച്ചടിച്ച് ഇവിടെ എത്തിച്ചു സെൻസറിങ് കഴിഞ്ഞു വിതരണം ചെയ്യുമ്പോഴേക്ക് മണിക്കൂറുകളല്ല ദിവസം തന്നെ പിന്നിട്ടിരിക്കും. ഇന്നത്തെപ്പോലെ വ്യാപകമല്ലെങ്കിലും ഇന്റർനെറ്റ് വാർത്തകളുടെയും വിവരങ്ങളുടെയും പ്രധാന ഉറവിടമായി മാറുന്നതിന് തുടക്കം കുറിച്ചിരുന്നു അപ്പോൾ. പ്രിന്റ് മീഡിയയുടെ സുവർണകാലം അവസാനിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്.
വാർത്തകൾ ചൂടോടെ കിട്ടണം, പുലർകാല പത്രവായന എന്ന സുഖം ഗൾഫിലെ വായനക്കർക്കും ലഭ്യമാകണം, ലഭ്യമായ എല്ലാ സാങ്കേതിക പുരോഗതിയും അതിനായി ഉപയോഗപ്പെടുത്തണം... പത്രാധിപർ കൃത്യമായി വിഷയം അവതരിപ്പിച്ചു. ദുബൈയിലെ മലയാളികളുടെ ഒരു പരിച്ഛേദം അവിടെ കൂടിയിരുന്നു. എഴുത്തുകാരും പ്രഭാഷകരും മാധ്യമ- സാംസ്കാരിക രംഗത്തുള്ളവരും സംരംഭകരും ഒക്കെയായി വലിയൊരു കൂട്ടം. പല പരസ്യ സ്ഥാപനങ്ങളിലെയും പ്രശസ്തരായ പലരും കൂട്ടത്തിലുണ്ടായിരുന്നു. വളരെ സക്രിയമായിരുന്നു ചർച്ചകൾ. അവതരണത്തിലെ വശ്യതയും തീവ്രതയും അതിന്റെ മാറ്റുകൂട്ടി.
ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ അതിന്റെ സാധ്യതകളിലേക്ക് സ്വാഭാവികമായും ചർച്ച വികസിച്ചു. ഗൾഫ് മാധ്യമത്തിന്റെ ഇന്ന് കാണുന്ന രൂപത്തിലുള്ള ഒരു മാതൃകയും അവിടെ ഉരുത്തിരിഞ്ഞു വന്നില്ലെങ്കിലും ഉറച്ച ചില തീരുമാനങ്ങളോടെയാണ് ഹംസ സാഹിബ് ചർച്ച അവസാനിപ്പിച്ചത്. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുമ്പോൾ ലഭിക്കാവുന്ന സമയ ലാഭം ആയിരുന്നു ഒരു പ്രധാന സാധ്യത ആയി അന്ന് വന്നത്. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചു ഗൾഫിൽ വിതരണം ചെയ്യുന്ന പത്രങ്ങളുടെ ഒരു താരതമ്യം അവിടെ നടന്നു. മാതൃഭൂമി ദുബൈ റിപ്പോർട്ടർ ബേവിഞ്ചക്ക് അന്ന് പത്രവിതരണ സ്ഥാപനം ഉണ്ടായിരുന്നു. ചർച്ചകളിൽ കാര്യമായി അദ്ദേഹവും ഇടപെട്ടു. സമാന പത്രം എന്ന നിലക്ക് മാതൃഭൂമി നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അദ്ദേഹവും അവതരിപ്പിച്ചു.
ആഴ്ചകൾക്കുള്ളിൽ അത്ഭുതപ്പെടുത്തുന്ന വാർത്ത വന്നു. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ഗൾഫിൽ നിന്നുതന്നെ മാധ്യമം പ്രസിദ്ധീകരിക്കാൻ പോകുന്നു എന്നായിരുന്നു വാർത്ത. അന്നത്തെ യോഗത്തിൽ പങ്കെടുത്ത പലരും അന്ന് അതിന്റെ സാധ്യതയിൽ സംശയാലുക്കളായിരുന്നു. ഹംസ സാഹിബിനു പക്ഷേ ആത്മവിശ്വാസം ഒട്ടും കുറവുണ്ടായിരുന്നില്ല, അസാധ്യമായത് എന്നൊന്ന് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലാത്ത പോലെ. 1999ൽ ഗൾഫ് മാധ്യമം എന്ന പേരിൽ ആദ്യമായി ബഹ്റൈനിൽ നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങി.
2000ൽ ഗൾഫ് മാധ്യമം അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ഞാൻ ബഹ്റൈൻ പ്രവാസി ആയിക്കഴിഞ്ഞിരുന്നു. സുപ്രീം കോടതി ജഡ്ജി ആയിരുന്ന വി.ആർ. കൃഷ്ണയ്യർ ആയിരുന്നു മുഖ്യാതിഥി. പുതുതായി നടപ്പാക്കാൻ പോകുന്ന ത്രിതല പഞ്ചായത്തിന്റെ പശ്ചാത്തലത്തിൽ കൃഷ്ണയ്യരുമായി ഞാൻ ഒരു ഇന്റർവ്യൂ നടത്തിയിരുന്നു, 1990ൽ. മാധ്യമം ദിനപത്രത്തിൽ ലീഡ് പേജിൽ അതു പ്രസിദ്ധീകരിച്ചത് ഓർമിപ്പിക്കാൻ ഒരവസരം എനിക്കും അതുവഴി ലഭ്യമായി.
ഗൾഫ് മാധ്യമം ആരംഭിക്കാൻ ഹംസ സാഹിബിനെ പ്രേരിപ്പിച്ചത് നിരവധി കാര്യങ്ങളായിരുന്നു. ഗൾഫിലെ മലയാളികൾക്ക് അവരുടെ മാതൃഭാഷയിൽ വാർത്തകളും വിവരങ്ങളും അന്നന്ന് ലഭ്യമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നാട്ടിലെ വാർത്തകൾക്കൊപ്പം ഗൾഫിലെ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാവണം ഗൾഫ് മാധ്യമം എന്ന് ഇതിന്റെ ശിൽപികൾ വിശ്വസിച്ചു. ഗൾഫ് മലയാളികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും അവർക്ക് ശബ്ദം നൽകാനും ഉള്ള ഒരു പൊതുവേദിയാക്കി അവർ ഗൾഫ് മാധ്യമത്തെ. 25 വർഷം പിന്നിട്ട ഇന്ന്, ഗൾഫ് മാധ്യമം വെറും ഒരു പത്രമല്ല, മറിച്ച് ഗൾഫ് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
1999ൽ ബഹ്റൈനിൽ നിന്ന് ഗൾഫ് മാധ്യമത്തിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചപ്പോൾ അത് നിരവധി വെല്ലുവിളികൾ നേരിട്ടു. പ്രിന്റ് മീഡിയയുടെ ക്ഷീണിതമായ വിപണിയിൽ ഒരു പുതിയ പത്രം തുടങ്ങുന്നതു പോലെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടി വന്നു. ബഹ്റൈനിൽ നിന്ന് പ്രസിദ്ധീകരിച്ച് ഗൾഫിലെ വിവിധ രാജ്യങ്ങളിലേക്ക് പത്രം വിതരണം ചെയ്യാൻ സമയനഷ്ടം കുറഞ്ഞ ഒരു ലോജിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതുവരെ ചെയ്തതിൽ നിന്ന് ഭിന്നമായി പുറം രാജ്യത്തുനിന്ന് രണ്ടു എഡിറ്റോറിയൽ വിഭാഗങ്ങളെ ഏകീകരിക്കേണ്ടതുണ്ടായിരുന്നു. വാർത്തകളുടെ ആവർത്തനം, അക്ഷരത്തെറ്റുകൾ, പേജ് ഏകീകരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി പലതും വേറെയും.
എന്നാൽ, ഹംസ സാഹിബും അദ്ദേഹത്തിന്റെ ടീമും ഈ വെല്ലുവിളികളെ അതിജീവിച്ചു. ഗൾഫ് മാധ്യമം വളരെ വേഗം ഗൾഫ് മലയാളികൾക്കിടയിൽ ജനപ്രിയമായ ഒരു പത്രമായി മാറി. തുടക്കത്തിന്റെ എല്ലാ ബാലാരിഷ്ടതകളിലും നട്ടംതിരിയുമ്പോഴും അവർ വലിയ ആത്മവിശ്വാസം പുലർത്തി.
ലോകത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പൊതു അവബോധം രൂപപ്പെടുത്തുക, അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നിർദേശിക്കുക, അങ്ങനെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുക തുടങ്ങി പലതും. തിരിച്ചു ജനങ്ങളുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുക എന്ന വലിയ ദൗത്യം മാധ്യമങ്ങൾക്കുണ്ട്.
ഗൾഫ് മാധ്യമം ഗൾഫ് മലയാളികളുടെ ശബ്ദമായി മാറി. അവരുടെ പ്രശ്നങ്ങളും ആശങ്കകളും ഉയർത്തിക്കാട്ടാൻ അവർക്ക് ഒരു വേദി നൽകി. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം തുടങ്ങി വിവിധ വിഷയങ്ങളിൽ ഗൾഫ് മലയാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പത്രം റിപ്പോർട്ട് ചെയ്തു. അവരുടെ അവകാശങ്ങൾക്കായി പോരാടാനും അവരെ പ്രാപ്തരാക്കി.
ജനങ്ങളുടെ മനോഭാവത്തെയും പൊതുജനാഭിപ്രായത്തെയും സ്വാധീനിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ ഗൾഫ് മാധ്യമം നിർണായക പങ്ക് വഹിക്കുന്നു. കോവിഡിന്റെ കെട്ടകാലങ്ങളിൽ സർക്കാറുകൾ പോലും വാർത്തകളെ അവരുടെ താല്പര്യങ്ങൾക്കനുഗുണമാകും വിധം മുൻഗണന കൊടുത്തപ്പോൾ ഉള്ള സത്യം സത്യമായി അവതരിപ്പിക്കാൻ മാധ്യമത്തിനും ഗൾഫ് മാധ്യമത്തിനുമായി. അതു ഭരിക്കുന്നവരെ നീരസപ്പെടുത്തിയത് സ്വാഭാവികം. പക്ഷേ, അത്തരം പ്രകോപനങ്ങൾക്കിടയിൽ സത്യം മുറുകെ പിടിച്ച് നേരിനു വേണ്ടി നിലനിൽക്കാൻ ഈ പത്രസ്ഥാപനത്തിനായി.
ഗൾഫ് മലയാളികളുടെ സാംസ്കാരിക പൈതൃകവും കലകളും സംരക്ഷിക്കാൻ ഗൾഫ് മാധ്യമം കാണിക്കുന്ന പ്രതിബദ്ധത മാതൃകാപരമാണ്. കല, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെ പ്രതിഭാധനന്മാരെ പത്രം പ്രോത്സാഹിപ്പിക്കുന്നു. ഗൾഫിൽ തനതു മലയാള സംസ്കാരം സംരക്ഷിക്കുന്നതിനായി ബഹുതല പ്രവർത്തനങ്ങൾക്കു മാതൃകാപരമായ നേതൃത്വം കൊടുക്കുന്നു.
ആഗോളവത്കരണത്തിന്റെയും മാധ്യമ വിസ്ഫോടനത്തിന്റെയും കാലഘട്ടത്തിൽ ജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളുടെ വ്യാപ്തിയും അളവും വളരെയധികം വർധിച്ചു. സോഷ്യൽ മീഡിയയുടെ മേൽക്കൈ പ്രിന്റ് മീഡിയകളുടെ അന്ത്യം കുറിക്കുമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗൾഫ് മാധ്യമം പ്രവാസികൾക്കു വേണ്ടി എന്ത് ചെയ്തുവെന്ന് 25 വർഷങ്ങൾക്കിപ്പുറം വിലയിരുത്തുന്നത് കേവല കൗതുകത്തിനപ്പുറം പ്രസക്തമാണ്. ഇന്ത്യയിലെ ഒരു പ്രാദേശിക പത്രത്തിന് ആയിരക്കണക്കിന് കാതം അകലെ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജനസംഖ്യയിൽ തുലോം ചെറുതും സമ്പന്നതയിൽ വളരെ മികവുറ്റ ഈ രാജ്യങ്ങളിൽ എന്ത് ചെയ്യാനാകുമെന്നതിന്റെ നല്ല മാതൃകയാണ് ഗൾഫ് മാധ്യമം നിറവേറ്റുന്ന ദൗത്യം.
രണ്ടു സംസ്കാരങ്ങളെയും ജനപഥങ്ങളെയും സാംസ്കാരിക പരിസരത്തു നിന്നും വാണിജ്യ-വ്യാപാര പരിസരത്തുനിന്നും പതിറ്റാണ്ടുകളായുള്ള വിനിമയങ്ങളെ സക്രിയമായി സമന്വയിപ്പിക്കുന്നതിൽ വരിച്ച വിജയത്തിന്റെ മഹിതമായ കഥയാണത്. അത് ഒരേസമയം ഇന്ത്യക്കാരായ പരദേശികളെയും പലദേശക്കാരെയും അതാതിടങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തെയും ഭരണ നേതൃത്വങ്ങളെയും നയതന്ത്രജ്ഞരെയും വ്യാപാര താല്പര്യങ്ങളെയും വ്യാപാരാടിത്തറകളെയും സമഞ്ജസമായി കോർത്തിണക്കി. അവർക്കിടയിലെ അനഭിലഷണീയവും അനാരോഗ്യകരവുമായ വിടവുകൾ നികത്താൻ നിമിത്തമായി.
ഇപ്പറഞ്ഞതിന്റെ വ്യാപ്തി മനസ്സിലാക്കാൻ കാൽ നൂറ്റാണ്ടു മുമ്പേക്കു സഞ്ചരിക്കേണ്ടതുണ്ട് നാം. അധികവും താഴ്ന്ന വരുമാനക്കാർ, സാധാരണക്കാർ. അവകാശങ്ങളെക്കുറിച്ചു വലിയ അവബോധമില്ലാത്തവർ. തങ്ങളുടെ വിധിയെയും ചൂഷകരെയും ഒരുപോലെ പഴിച്ചു കഴിഞ്ഞു അവർ. ഇന്നത്തെ പോലെ അന്നും മുൻപന്തിയിൽ ഒരു പക്ഷെ വിമാനക്കമ്പനികൾ തന്നെ. കസ്റ്റംസുകാർ, ട്രാവൽ ഏജന്റുമാർ തുടങ്ങിയ ചിലർ വേറെയും. പരിഭവങ്ങളുമായി എത്തുന്നവരെ കണ്ടഭാവം നടിക്കാതിരുന്ന നയതന്ത്ര ഉദ്യോഗസ്ഥർ. നാട്ടിൽ ഒരു പാസ്പോർട്ട് വേരിഫിക്കേഷന് പോലും വലിയ തുക കൈമടക്ക് കൊടുക്കേണ്ടി വന്നവർ. ECNR തുടങ്ങിയ കടമ്പകൾ കഴിഞ്ഞ് ഇവിടെ എത്തിയപ്പോഴും സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിന് വന്ന മേലാളന്മാരുടെ അവജ്ഞയും കുറവല്ലായിരുന്നു.
ഇന്ന് ബഹ്റൈൻ ഉൾപ്പെടെ മിക്ക ഇന്ത്യൻ എംബസികളിലും ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് മുന്തിയ പരിഗണന കിട്ടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ നിരന്തര പരിശ്രമത്തിന്റെ കഥയുമുണ്ട്. ഗൾഫ് മാധ്യമത്തിനു അതിന്റേതായ പങ്കു അവകാശപ്പെടാൻ തീർച്ചയായും അവകാശമുണ്ട്. അവകാശങ്ങളെക്കുറിച്ചു അറിവ് പകർന്നും സാമൂഹിക പ്രവർത്തകർക്ക് അർഹിക്കുന്ന വാർത്താ പ്രാധാന്യം നൽകിയും പ്രാദേശിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിച്ചും ഉദ്യോഗസ്ഥരെ അവരുടെ കടമ നിർവഹിക്കാൻ ഓർമപ്പെടുത്തിയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും ഈ പത്രവും അതിന്റെ വലിയ പങ്ക് സ്തുത്യർഹമായി നിറവേറ്റിയിട്ടുണ്ട്. ഡോ. ജോർജ് ജോസഫിനെപ്പോലുള്ള നല്ല കാഴ്ചപ്പാടും സഹപൗരന്മാരോട് അളവറ്റ കടപ്പാടുള്ള സ്ഥാനപതികൾ ഈ പത്രത്തിന് അവരുടെ ലക്ഷ്യത്തിലെത്താൻ വലിയ സൗകര്യങ്ങൾ ചെയ്തിട്ടുണ്ടാകാം. പ്രവാസികൾ നേരിടുന്ന പ്രശനങ്ങൾ നാട്ടിലെയും ഗൾഫിലെയും ഭരണ നേതൃത്വങ്ങളെയും ഉദ്യോഗസ്ഥരെയും ഉണർത്താൻ ഈ പത്രവും മുഖ്യ പത്രാധിപരും കിട്ടിയ ഒരവസരവും എവിടെയും വിനിയോഗിക്കാതിരുന്നിട്ടില്ല. അതങ്ങു രാജ്യ തലസ്ഥാനത്തെ പ്രവാസി മാമാങ്കമായാലും കേന്ദ്ര സംസ്ഥാന നേതാക്കളുടെ ഗൾഫ് സന്ദർശനമായാലും. വേണ്ടപ്പെട്ടവരെ അത് അലോസരപ്പെടുത്തുമോ എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ആധി. അർഹിക്കുന്നത് കിട്ടുന്നത് വൈകുന്നതായിരുന്നു അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയത്.
ഇന്ന് ഗൾഫിലെ കോടതി വ്യവഹാരങ്ങളിൽ ഇന്ത്യക്കാരെ സഹായിക്കാൻ എംബസികൾ മുൻപന്തിയിലുണ്ടെങ്കിൽ തൊഴിൽ ദാതാക്കളും തൊഴിലാളികളുമായുള്ള തർക്കങ്ങളിൽ അവർ കരുതലോടെ ഇടപെടുന്നുണ്ടെങ്കിൽ ശമ്പളം പിടിച്ചു വെക്കൽ, നിഷേധിക്കൽ, തൊഴിൽ തർക്കങ്ങൾ എന്നിവ താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ത്യക്കാർക്കു പൊതുവെയും കൂട്ടത്തിൽ മലയാളികൾക്കും അതൊക്കെ ഒരനുഗ്രഹമായിട്ടുണ്ടെങ്കിൽ അതിന്റെ ഒരു മുഖ്യപങ്ക് ഞാൻ അറിഞ്ഞു കൊടുക്കും, മലയാളികളുടെ ഈ അന്തർദേശീയ പത്രത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.