മനാമ: കെ.പി.സി.സിയുടെ അംഗീകാരമില്ലാത്ത പ്രവാസലോകത്തെ കോൺഗ്രസ് അനുഭാവ സംഘടനകളുടെ പരിപാടികളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന പാർട്ടി നിലപാട് തള്ളി കെ. മുരളീധരൻ എം.പി. കഴിഞ്ഞദിവസം ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കെ.പി.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നിലപാടിന് വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്.
ജനുവരിയിൽ ഐ.വൈ.സി.സി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിന്റെ പ്രചാരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലാണ് കെ. മുരളീധരൻ പങ്കെടുത്തത്. കേരളമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹി ബഷീർ അമ്പലായിയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
കെ.പി.സി.സിയുടെ അംഗീകാരമുള്ള പ്രവാസി സംഘടന ഒ.ഐ.സി.സിയാണെന്ന് നേതാക്കൾ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഐ.വൈ.സി.സിക്ക് കോൺഗ്രസിന്റെ അംഗീകാരമില്ലെന്നും ഒ.ഐ.സി.സിയുടേതല്ലാതെ, മറ്റു സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിർദേശം നൽകിയിട്ടുള്ളതായും ഒ.ഐ.സി.സി ഭാരവാഹികൾ കഴിഞ്ഞ മാസം നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനുശേഷം, ബഹ്റൈൻ സന്ദർശനത്തിനെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എയും ഇക്കാര്യം പരോക്ഷമായി സ്ഥിരീകരിച്ചിരുന്നു.
ഒ.ഐ.സി.സിയുടെ പരിപാടികളിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ എന്നാണ് പാർട്ടി നിർദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതിൽനിന്ന് ഭിന്നമായ നിലപാടാണ് കെ. മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായത്.
വിദേശ രാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിമത പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ബഹ്റൈനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ. മുരളീധരൻ പറഞ്ഞത്.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലം തൊട്ട് സ്വീകരിച്ച നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തങ്ങളിൽനിന്ന് വിഘടിച്ചുപോയവരെന്ന് ഒ.ഐ.സി.സി കുറ്റപ്പെടുത്തുന്ന ഒരു സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതുവഴി, വിമതപ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
ഗവർണർ വിഷയത്തിലും എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കെതിരെ നടപടി വൈകിയതിലും കോൺഗ്രസിന്റെ മറ്റു നേതാക്കളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് കെ. മുരളീധരൻ സ്വീകരിച്ചത്. ഗവർണർ വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച ലീഗ് നിലപാടിനോട് ചേർന്നാണ് അദ്ദേഹം നിലയുറപ്പിച്ചത്. ഇപ്പോൾ, പാർട്ടി നിലപാടിന് വിരുദ്ധമായി ഐ.വൈ.സി.സി പരിപാടിയിൽ പങ്കെടുത്തുകൊണ്ടും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.