കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാണ് കണ്ണൂർ. ആകാശക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്ന കണ്ണൂരിന്റെ മോഹം പൂവണിഞ്ഞത് 2018 ഡിസംബർ ഒമ്പതിനായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും മന്ത്രിമാരെയും എണ്ണമറ്റ ജനങ്ങളെയും സാക്ഷിനിർത്തി ഉദ്ഘാടനം നിർവഹിച്ചു. 3050 മീറ്റർ റൺവേ നീളമുള്ള ഒരുപാട് സൗകര്യങ്ങളും പ്രത്യേകതകളുമായി ഏറെ പ്രതീക്ഷയോടുകൂടി ആരംഭിച്ച കണ്ണൂർ എയർപോർട്ടിൽ കേന്ദ്ര സർക്കാറിന്റെ തെറ്റായ സമീപനം കാരണം യാത്രക്കാരില്ലാതായിക്കൊണ്ടിരിക്കുന്നു. കോഴിക്കോട്ടും കണ്ണൂരും തമ്മിൽ ടിക്കറ്റ് ഫെയറിൽ വലിയ അന്തരമാണ് നിലനിൽക്കുന്നത്.
ഗൾഫ് എയർ അടക്കമുള്ള ഒട്ടനവധി വിദേശക്കമ്പനികളുടെ വിമാനങ്ങൾ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും പറന്നിറങ്ങുമ്പോൾ കണ്ണൂരിലേക്ക് അതിനെല്ലാം വിലക്കാണ്. ഏറെ പഴകിയ, തൊഴുത്തിന് സമാനമായ എയർ ഇന്ത്യ എക്സ്പ്രസിന് തോന്നിയതുപോലെ പറക്കാനുള്ള നാഥനില്ലാക്കളരിയായി മാറിക്കൊണ്ടിരിക്കുന്നു കണ്ണൂർ എയർപോർട്ട്. വടക്കെ മലബാറിലെ വലിയൊരു വിഭാഗം പ്രവാസികൾക്ക് ഈ എയർപോർട്ട് ഏറെ ആശ്വാസപ്രദമാണ്. എന്നാൽ കണ്ണൂർ വിരുദ്ധ മാഫിയകളും കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ വൈരവും കൂടിച്ചേർന്ന് ഈ എയർപോർട്ടിനെ കൊല്ലാതെ കൊല്ലുകയാണ്. വിമാനക്കമ്പനിയില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറുകയും തൽസ്ഥാനത്ത് ടാറ്റ കടന്നുവരുകയും ചെയ്തപ്പോൾ സന്തോഷിച്ചവരുണ്ട്. ഗവൺമെന്റിന്റെ കൈയിൽനിന്ന് സ്വകാര്യ മുതലാളിമാരുടെ കൈയിലെത്തിച്ചേർന്നാൽ വിമാന സർവിസ് സ്വർഗതുല്യമാവുമെന്ന് കരുതിയ ഇക്കൂട്ടർക്ക് ഇപ്പോഴത്തെ അവസ്ഥ സന്തോഷം പകരുന്നുണ്ടാകാം.
ലക്ഷക്കണക്കിന് യാത്രക്കാരെ ലഭിക്കാൻ സാധ്യതയുള്ള ഈ സെക്ടറിനെ ബോധപൂർവം ഇല്ലാതാക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിൽപോലും പരസ്യമായ കാപട്യമാണ് കണ്ടുവരുന്നത്. ഓൺലൈനിൽ ശ്രമിച്ചാൽ കണ്ണൂരിൽനിന്ന് ടിക്കറ്റ് കിട്ടാനില്ല. സിസ്റ്റത്തിൽ സീറ്റ് ഫുൾ. എന്നാൽ, ആറുപേരെയുംകൊണ്ട് കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് വിമാനം പറന്നുയർന്നത് യാത്രക്കാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആരാണ് ഇതിന്റെ പിന്നിൽ കളിക്കുന്നത്? രാജ്യത്തിന് വിമാനമില്ലെങ്കിലും ചെല്ലും ചെലവും നല്കി നിലനിർത്തിപ്പോന്ന വ്യോമഗതാഗത വകുപ്പും മന്ത്രിയും പരിവാരങ്ങളുമെല്ലാമുണ്ട്. കണ്ണൂർ എയർപോർട്ടിലെ യാത്ര സുഗമമാക്കാൻ ഈ വകുപ്പിന്റെ ഇടപെടലിന് സമയം ഏറെ വൈകിയിരിക്കുന്നു.
സി.വി. നാരായണൻ ലോക കേരളസഭ മെംബർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.